യു പി മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു; മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Posted on: October 30, 2017 8:42 am | Last updated: October 30, 2017 at 8:42 am

ലക്‌നോ: യു പി മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു. കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാത്രി ഗോണ്ട ജില്ലയിലാണ് സംഭവം. യോഗി ആദിത്യനാഥ് സര്‍ക്കാറിലെ മുതിര്‍ന്ന മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമാണ് കുഞ്ഞിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കേണല്‍ഗഞ്ച്- പരസ്പൂര്‍ റോഡിനോട് ചേര്‍ന്ന വീടിന് മുന്നില്‍ ഇരിക്കുകയായിരുന്നു അഞ്ച് വയസ്സുകാരന്‍ ശിവാ ഗോസ്വാമിയും മാതാവും മുത്തശ്ശിയും. അതിവേഗത്തില്‍ വന്ന കാര്‍ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയെന്നും പിന്നില്‍ വന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറില്‍ മന്ത്രിയുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കുടുംബവും നാട്ടുകാരും കരഞ്ഞ് വിളിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്താനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ മന്ത്രിയും പരിവാരവും തയ്യാറായില്ലെന്ന് പിതാവ് വിശ്വനാഥ് പറഞ്ഞു. കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ശിവയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് ഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

താന്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നുവെന്നാണ് മന്ത്രി രാജ്ഭര്‍ പറയുന്നത്. സംഭവം അറിഞ്ഞ താന്‍ അവിടെ പോകണമെന്ന് പറഞ്ഞപ്പോള്‍ പോലീസ് തടയുകയായിരുന്നു. ജനങ്ങള്‍ രോഷാകുലരാണെന്നും ഇപ്പോള്‍ അങ്ങോട്ട് പോകേണ്ടെന്നും പോലീസ് നിര്‍ദേശിച്ചു. ഉടന്‍ വേണ്ടത് ചെയ്യാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറയുന്നു. അകമ്പടി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ ഐ പി സി 279, 304 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.