യുപി മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസ്സുകാരന്‍ മരിച്ചു

Posted on: October 29, 2017 10:52 am | Last updated: October 29, 2017 at 9:19 pm
ഓം പ്രകാശ് രാജ്ഭര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസ്സുകാരന്‍ മരിച്ചു. ശനിയാഴ്ചയാണ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് കുട്ടി മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ വാഹനമിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. അപകടത്തിനുശേഷം മന്ത്രിയുടെ വാഹനങ്ങള്‍ നിര്‍ത്താതെ പോയെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. വിവരമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ താമസിച്ചെന്നാരോപിച്ച് ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു. കൂടാതെ പ്രകോപിതരായ നാട്ടുകാര്‍ വിവിധ സ്ഥലങ്ങള്‍ക്ക് തീയിട്ടു.

സംഭവത്തെ കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.