ഈ ഗ്രാമത്തില്‍ എല്ലാവരും ജനിച്ചത് ജനുവരി ഒന്നിന്!

Posted on: October 27, 2017 6:47 pm | Last updated: October 27, 2017 at 6:47 pm

ഡെറാഡൂണ്‍: ഒരു ഗ്രാമത്തില്‍ എല്ലാവര്‍ക്കും ഒരേ ജനനത്തീയതി. അതും ജനുവരി ഒന്ന്. സംശയിക്കാന്‍ വരട്ടെ, ആധാര്‍ കാര്‍ഡാണ് ഇത്തരമൊരു അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ഹരിദ്വാറിനടുത്ത ഗൈന്ധി ഖട്ട ഗ്രാമത്തിലെ 800 കുടുംബങ്ങളുടെയും ആധാര്‍ കാര്‍ഡില്‍ ജനുവരി ഒന്നാണ് ജനനതീയതിയായി പ്രിന്റ് ചെയ്തിരിക്കുന്നത്.

ആധാര്‍ എന്റോള്‍മെന്റ് സേവനം നല്‍കിയ സ്വകാര്യ ഏജന്‍സിക്ക് പറ്റിയ അബദ്ധമാണ് ഒരു ഗ്രാമത്തിനാകെ ഒരു ജനനത്തിയതി സമ്മാനിച്ചത്. ജനനതീയതി മാറിയതില്‍ ഒതുങ്ങുന്നില്ല ആധാറിലെ മറിമായങ്ങള്‍. വല്യുമ്മയുടെ പ്രായം 22ഉം ചെറുമകന് 60ഉം പ്രായം രേഖപ്പെടുത്തിയ തരത്തിലുള്ള ഭീമന്‍ അബദ്ധങ്ങളും ഇവിടെ വിതരണം ചെയ്ത കാര്‍ഡുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ആധാറിലെ തെറ്റുകള്‍ തങ്ങള്‍ക്ക് സാമൂഹിക ക്ഷേമപദ്ധതികളുടെ സേവനം ലഭിക്കുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയിലാണ് ഗ്രാമവാസികള്‍.

ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ആഗ്രജില്ലയിലെ എല്ലാവരുടെയും ജനനത്തീയതി ജനുവരി ഒന്നായി രേഖപ്പെടുത്തി കാര്‍ഡ് വിതരണം ചെയ്തിരുന്നു. അലഹബാദിലെ കഞ്ചസ നഗരത്തില്‍ നിന്നും സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.