Connect with us

Gulf

അത്ഭുത റോബോട്ടിന് സഊദിയുടെ പൗരത്വം

Published

|

Last Updated

റിയാദ്/ലണ്ടന്‍: മനുഷ്യനെപ്പോലെ പെരുമാറുകയും പഠിക്കുകയും സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സോഫിയ എന്ന റോബോര്‍ട്ടിന് സഊദി അറേബ്യയുടെ പൗരത്വം. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഹോംഗ്‌കോംഗിലെ പ്രമുഖ കമ്പനി നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ടിനാണ് സഊദി പൗരത്വം നല്‍കിയത്. മനുഷ്യരെ പോലെ സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള റോബോട്ടാണ് സോഫിയ. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വെച്ച് ബുധനാഴ്ചയാണ് സോഫിയക്ക് പൗരത്വം നല്‍കിയത്. ഹാന്‍സണ്‍ റോബോട്ടിക്‌സാണ് സോഫിയയുടെ നിര്‍മാതാക്കള്‍. അപൂര്‍വമായ ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു. മനുഷ്യര്‍ക്കൊപ്പം ജീവിക്കാനും ജോലിയെടുക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്നും അവരെ മനസ്സിലാക്കാന്‍ വികാരങ്ങള്‍ കൂടി തനിക്ക് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും സോഫിയ പറഞ്ഞു. ആന്‍ഡ്ര്യു റോസ് സോര്‍കിനെന്ന അവതാരകനോടാണ് സോഫിയ ഇക്കാര്യം വ്യക്തമാക്കിയത്.

മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നത്. ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ പറഞ്ഞു. ചടങ്ങില്‍ മോഡറേറ്റര്‍ ആന്‍ഡ്ര്യൂ റോസ് സോര്‍ക് ചോദിച്ച തത്സമയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികളാണ് സോഫിയ നല്‍കിയത്. ചിരിക്കാനും ദേഷ്യപ്പെടാനുമുള്ള തന്റെ കഴിവും മറുപടികള്‍ക്കിടയില്‍ സോഫിയ വെളിപ്പെടുത്തി.
സോഫിയയുടെ വാക്കുകള്‍ മൊബൈലിലും മറ്റുമായി പകര്‍ത്തുകയായിരുന്നു ചടങ്ങിനെത്തിയ വിശിഷ്ടാതിഥികള്‍. കൗതുകത്തോടെ സോഫിയയെ കേട്ട് തുടങ്ങിയ പ്രേക്ഷകര്‍ പിന്നീട് വാക്കുകളിലെ ഗൗരവം കേട്ട് അത്ഭുതപ്പെടുകയായിരുന്നു.