Connect with us

Kasargod

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാല്‍ കൊപ്പളത്ത് വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

Published

|

Last Updated

മൊഗ്രാല്‍: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും മാറിമായങ്ങളും കണ്ട് ഞെട്ടുകയാണ് കാര്‍ഡുടമകള്‍. മൊഗ്രാലിലെ 45ാം നമ്പര്‍ റേഷന്‍ കടയിലെ കാര്‍ഡുടമയായ വീട്ടമ്മക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലി.
മൊഗ്രാല്‍ കൊപ്പളം ഹൗസിലെ മത്സ്യത്തൊഴിലാളിയും നേരത്തെ ബി പി എല്‍ കാര്‍ഡുടമയുമായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (53) യ്ക്കാണ് പുതിയ റേഷന്‍കാര്‍ഡില്‍ (2481018798) സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്.
വീട്ടമ്മ എന്ന് രേഖപ്പെടുത്തേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ പകുതി പേര്‍ക്കെങ്കിലും ലഭിച്ചു തുടങ്ങിയത്. ലഭ്യമായ റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ പെരുമഴയാണെന്ന് പൊതുവെ പരാതി ഉയര്‍ന്നുകഴിഞ്ഞു. പേര് മാറ്റവും അക്ഷരത്തെറ്റും വ്യാപകമെന്നാണ് ആക്ഷേപം.
നവംബര്‍ മാസാവസാനത്തോടെ മാത്രമേ മുഴുവന്‍ റേഷന്‍ കാര്‍ഡുകളുടെയും വിതരണം പൂര്‍ത്തിയാവുകയുള്ളൂവെന്നും പറയപ്പെടുന്നുണ്ട്.
കൃത്യമായി വിവരങ്ങള്‍ എഴുതി നല്‍കിയിട്ടും അശ്രദ്ധയോടെ കാര്‍ഡുകള്‍ കൈകാര്യം ചെയ്തതാണ് ഇത്തരത്തില്‍ തെറ്റുകള്‍ കടന്നുകൂടാന്‍ ഇടയായത്. ഇനി തെറ്റുകള്‍ തിരുത്താനുള്ള നെട്ടോട്ടത്തിലായിരിക്കും ഉപഭോക്താക്കള്‍. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നത് കാര്‍ഡുടമകള്‍ക്കാണ്.

പുതിയ റേഷന്‍ കാര്‍ഡ് ജനുവരി മാസം മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് സൂചനയുണ്ട്. അതിനിടെ ലഭിച്ച റേഷന്‍ കാര്‍ഡുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി ഉദ്യോഗസ്ഥരെക്കൊണ്ട് അറ്റസ്റ്റ് ചെയ്ത് കിട്ടാനും ഇനിയും എത്ര നാള്‍ കാത്തിരിക്കണമെന്ന ആശങ്കയും ഉപഭോക്താക്കള്‍ക്കുണ്ട്.
സപ്ലൈ ഓഫീസുകളില്‍ ഓരോ കാര്‍ഡുടമകളും കയറിയിറങ്ങുന്നത് ഒഴിവാക്കി തെറ്റുകള്‍ തിരുത്താന്‍ അദാലത്ത് പോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഉപഭോക്താക്കള്‍ ഇപ്പോള്‍തന്നെ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.