ഹലുവാ പാക്കിങ് കണ്ടയ്‌നറുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കെതിരെ നഗരസഭ

Posted on: October 26, 2017 7:43 pm | Last updated: October 26, 2017 at 7:43 pm

ദുബൈ: ഒമാനി ഹലുവാ പാക്കിങ്് കണ്ടയ്‌നറുകളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ നിരസിച്ചു ദുബൈ നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം. പരമ്പരാഗത ഹലുവാ ഉത്പാദന കേന്ദ്രത്തില്‍ പാക്കിങിന് ഉപയോഗിക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് പ്ലാസ്റ്റിക് ഉരുകി ഹലുവയോടൊപ്പം ചേരുന്നതായുള്ള വീഡിയോ ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ചാണ് ഭക്ഷ്യസുരക്ഷാവിഭാഗം രംഗത്ത്‌വന്നത്. വിഡിയോയില്‍ ഉരുകി ഹലുവയോടൊപ്പം ചേരുന്ന പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനികരമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ഇതിനെതിരെയും ഭക്ഷ്യസുരക്ഷാവിഭാഗം പ്രതികരിച്ചു.

ദുബൈ നഗരസഭക്ക് കീഴില്‍ രാജ്യാന്തര നിലവാരത്തോടുകൂടിയാണ് ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുള്ളത്. ഭക്ഷണവുമായി ഇടപഴകുന്ന പദാര്‍ഥങ്ങളുടെ പരിശോധനയും രാജ്യാന്തര നിലവാരത്തിലാണ് പൂര്‍ത്തിയാക്കുന്നത്. ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതില്‍ ദുബൈ നഗരസഭ ലോകത്ത് മുന്‍നിരയിലുണ്ടെന്ന് നഗരസഭക്ക് കീഴിലെ ഭക്ഷ്യസുരക്ഷാവിഭാഗം ഡയറക്ടര്‍ ഇമാന്‍ അല്‍ ബസ്തകി പറഞ്ഞു.

ദുബൈ നഗരസഭയുടെ ഉന്നത ലബോറട്ടറിയില്‍ വിശദ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് അനുമതിനല്‍കുന്നത്. ഭക്ഷണവുമായി നേരിട്ട് ബന്ധംപുലര്‍ത്തുന്നതിനാല്‍ അവയുടെ ഗുണമേന്മ ശക്തമായ വിവിധ പരിശോധനാ ഘട്ടങ്ങളിലൂടെ കടന്നാണ് ഉറപ്പുവരുത്തുന്നത്. അതിനാല്‍ പാക്കിങ് കണ്ടയ്‌നറുകളില്‍ ആവരണം ചെയ്തിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ അംശം ഭക്ഷണവുമായി കൂടികലരാന്‍ സാധ്യതയില്ലെന്ന് അവര്‍ വ്യക്തമാക്കി.
രാജ്യാന്തര നിലവാരത്തിലുള്ള ഭഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഭക്ഷണ ഉത്പാദന വിതരണ കേന്ദ്രങ്ങള്‍ നടപ്പിലാക്കുന്നതിനും മികച്ച പാക്കിങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ നിയമാവലിയും പരിശോധനയും നഗരസഭക്ക് കീഴില്‍ നടപ്പിലാക്കുന്നുണ്ട്. ഭക്ഷണ പദാര്‍ഥത്തിന്റെ സ്വഭാവം, അവ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന താപം എന്നിവയെ അടിസ്ഥാനമാക്കി ഭക്ഷ്യ ഉത്പന്നങ്ങള്‍ പാക്ക്‌ചെയ്യുന്നതിന് വ്യത്യസ്തമായ ഗുണ നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് നഗരസഭാ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗത ഭക്ഷ്യ ഉത്പാദക കേന്ദ്രത്തില്‍ നഗരസഭയുടെ കീഴില്‍ നിരന്തര പരിശോധനകള്‍ ഏര്‍പെടുത്താറുണ്ട്. പൈതൃക ഭക്ഷണ രീതികളുടെ രുചിക്കൂട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ അവയുടെ തനിമ നിലനിര്‍ത്തി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നഗരസഭ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ആഭ്യൂഹങ്ങളില്‍ വഞ്ചിതരാകാതെ നഗരസഭയുടെ വിവിധ സാമൂഹ്യ മാധ്യമങ്ങളിലുള്ള പേജുകളിലൂടെയും ടോള്‍ ഫ്രീ നമ്പറിലൂടെയും ഭക്ഷ്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കണമെന്നും മറ്റുള്ളവ തള്ളിക്കളയണമെന്നും നഗരസഭാ അധികൃതര്‍ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.