മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ സ്പര്‍ശിച്ചു; യുപിയില്‍ ഗര്‍ഭിണിയായ ദളിത് സ്ത്രീയെ തല്ലിക്കൊന്നു

Posted on: October 26, 2017 12:25 pm | Last updated: October 26, 2017 at 2:12 pm
SHARE

ലക്‌നോ: മാലിന്യശേഖരണത്തിനിടെ മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ സ്പര്‍ശിച്ചതിന് ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദളിത് യുവതിയെ തല്ലിക്കൊന്നു. ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖേതല്‍പൂര്‍ ഭന്‍സോലി ഗ്രാമത്തില്‍ ഒക്ടോബര്‍ 15നാണ് സംഭവം. എട്ടു മാസം ഗര്‍ഭിണിയായിരുന്ന സാവിത്രി ദേവി എന്ന സ്ത്രീയാണ് മരിച്ചത്.

ഉന്നതജാതിക്കാരുടെ കുടുംബത്തില്‍ നിന്ന് മാലിന്യം ശേഖരിച്ചാണ് സാവിത്രി ജീവിതം നയിച്ചിരുന്നത്. ഒക്ടോബര്‍ 15ന് ഠാക്കൂര്‍ സമുദായാംഗമായ അഞ്ജുവിന്റെ വീട്ടില്‍ നിന്ന് മാലിന്യം ശേഖരിക്കവേയാണ് സംഭവമുണ്ടായത്. മാലിന്യം ശേഖരിക്കവേ സാവിത്രി ദേവിയുടെ കൈ അബദ്ധത്തില്‍ അഞ്ജുവിന്റെ ബക്കറ്റില്‍ സ്പര്‍ശിക്കുകയായിരുന്നു. സമീപത്തുകൂടെ റിക്ഷ പോയപ്പോള്‍ സാവിത്രി നിലതെറ്റി വീഴുകയും അറിയാതെ ബക്കറ്റില്‍ തൊടുകയുമായിരുന്നു.

തുടര്‍ന്ന് ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് സാവിത്രിയെ അഞ്ജുവും മകനും ചേര്‍ന്ന് ്ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ആറു ദിവസത്തിന് ശേഷം സാവിത്രിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here