മെഡിക്കല്‍ റെപ്പുമാര്‍ക്ക് നിയന്ത്രണം

Posted on: October 26, 2017 6:50 am | Last updated: October 25, 2017 at 11:52 pm

അനിവാര്യവും സ്വാഗതാര്‍ഹവുമാണ് മരുന്ന് കമ്പനി പ്രതിനിധികളുമായുള്ള ഡോക്ടര്‍മാരുടെ കൂടിക്കാഴ്ച സംബന്ധിച്ച മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി സമയത്ത് മെഡിക്കല്‍ റെപ്പുകള്‍ക്ക് ഡോക്ടര്‍മാര്‍ കൂടിക്കാഴ്ച അനുവദിക്കരുതെന്നാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസിന്റെ നിര്‍ദേശം. ഒ പി സമയം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാനായി മാത്രം മാറ്റിവെക്കണം. അന്നേരം റെപ്പുകളെ സ്വീകരിച്ചു രോഗികളെ കഷ്ടപ്പെടുത്തുന്നത് അനുവദിക്കാവുന്നതല്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മാത്രമേ നിര്‍ദേശിക്കാവൂ എന്ന് കേന്ദ്രത്തിന്റെ ഉത്തരവുണ്ടെന്നിരിക്കെ മെഡിക്കല്‍ റെപ്പുകള്‍ ഡോക്ടര്‍മാരെ കാണേണ്ടതില്ലെന്ന ആരോഗ്യ വകുപ്പ് ഡയറക്ടരുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശവും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ചില ഘട്ടങ്ങളില്‍ മെഡിക്കല്‍ റെപ്പുകളുടെ ശല്യം അസഹനീയമാകാറുണ്ട്. പകര്‍ച്ചവ്യാധി മൂലമോ മറ്റോ രോഗികള്‍ തിങ്ങിനിറയുകയും പരിശോധനക്ക് ഡോക്ടറെ കാത്തു നില്‍ക്കുന്ന രോഗികളുടെ നിര ഏറെ നീളുകയും ചെയ്യുന്ന ഘട്ടത്തിലായിരിക്കും മെഡിക്കല്‍ റെപ്പ് കടന്നു വരുന്നത്. രോഗികളുടെ വരിയുടെ നീളം ശ്രദ്ധിക്കാതെ, അല്ലെങ്കില്‍ കണ്ടില്ലെന്നുനടിച്ചു നേരെ ഡോക്ടറുടെ അടുത്തേക്ക് കടന്നു ചെല്ലും. ഏറെ നേരം ഡോക്ടറുമായി സംസാരിച്ചതിന് ശേഷമാണ് തിരിച്ചു പോകുന്നത്. താമസിയാതെ അടുത്ത റെപ്പ് കടന്നുവരും. അയാളും ഡോക്ടറുടെ കുറേ സമയം കവര്‍ന്നെടുക്കും. ഇങ്ങനെ ഡോക്ടറുടെ മൂന്നോ നാലോ മണിക്കൂര്‍ ഒ പി സമയത്തിനിടയില്‍ നിരവധി മെഡിക്കല്‍ റെപ്പുകള്‍ കടന്നു വരും. ഇതുമൂലം രോഗികള്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. പലപ്പോഴും പുറത്ത് കാത്തു നില്‍ക്കുന്ന രോഗികളെക്കുറിച്ച് ഡോക്ടര്‍ മറന്നു പോകും. ഇത് ചോദ്യം ചെയ്താല്‍ ചികിത്സ തന്നെ നിഷേധിക്കപ്പെടുമെന്ന ഭയത്താല്‍ അതിനാരും തുനിയാറില്ല. വില്‍പ്പന വര്‍ധിപ്പിച്ചു കൂടുതല്‍ലാഭം കൊയ്യുകയാണ് മെഡിക്കല്‍ റെപ്പുകളുടെ ലക്ഷ്യം. ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന അവശരായ രോഗികളുടെ പ്രയാസങ്ങള്‍അവര്‍ മനസ്സിലാക്കുകയോ കണ്ടറിയുകയോ ചെയ്യുന്നില്ല. ഭരണഘടന അനുച്ഛേദം 21,42 പ്രകാരം പൗരന്മാരുടെ ചികിത്സക്കുളള അവകാശത്തെയും സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുകയാണ് ഇവര്‍.

മരുന്നു കമ്പനികളും ഡോക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധബന്ധവും കൂട്ടുകെട്ടും പല തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കമ്പനി മരുന്നുകളെക്കുറിച്ചു ഡോക്ടറോട് വിശദീകരിച്ചുകൊടുക്കാന്‍ എത്തുന്നത് പലപ്പോഴും ഇതുമായി സാമാന്യ വിദ്യാഭ്യാസം പോലുമില്ലാത്തവരാണ്. കേവലം വാചാലതയാണ് അവരുടെ യോഗ്യത. പഠിപ്പിച്ചുവിടുന്ന കാര്യങ്ങള്‍ തത്ത പറയുന്നത് പോലെ പറഞ്ഞു കൊടുക്കും. സത്യത്തില്‍ പാരിതോഷികങ്ങളും കമ്മീഷനും വാഗ്ദത്തം ചെയ്തു ഡോക്ടര്‍മാരെ വശത്താക്കലാണ് ഇവരുടെ ജോലി. തങ്ങള്‍ വിപണനം ചെയ്യുന്ന മരുന്നുകളിലടങ്ങിയ രാസവസ്തുക്കളെക്കുറിച്ചോ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ അവര്‍ക്കറിയണമെന്നില്ല. ഓരോ മാസവും ടാര്‍ജറ്റ് നിശ്ചയിച്ചാണ് മരുന്നു കമ്പനികള്‍ ഇവരെ ഡോക്ടര്‍മാരുടെ അടുത്തേക്ക് വിടുന്നത്. ലക്ഷ്യം നേടാന്‍ റെപ്പുകള്‍ ഡോക്ടര്‍മാരുടെ അടുത്ത് എല്ലാ അടവുകളും പയറ്റുകയും ഏത് വിധേനയും അവരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിധം കമ്മീഷന്റെ ബലത്തിലും യോഗ്യതയില്ലാത്ത വ്യക്തികളുടെ വാക് സാമര്‍ഥ്യത്തിലൂടെയും വിറ്റഴിക്കേണ്ടതാണോ മരുന്നുകള്‍?

സര്‍ക്കാര്‍ ആശുപത്രികളിലെ ഒ പി യിലും കാഷ്വാലിറ്റിയിലും മെഡിക്കല്‍ റെപ്പുകള്‍ ഡോക്ടര്‍മാരെ സന്ദര്‍ശിക്കുന്നത് വിലക്കിക്കൊണ്ട് 2015 നവംബറില്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫാര്‍മസിയില്‍ ലഭ്യമായ ഒരു മരുന്നും ഡോക്ടര്‍മാര്‍ പുറത്തേക്ക് എഴുതാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജനറിക് മരുന്നുകള്‍ എഴുതണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്, ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ ശിപാര്‍ശ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറക്കുന്നതിന് ജനറിക് മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നുണ്ട്. ഒരുവര്‍ഷത്തേക്ക് ആവശ്യമുള്ള മരുന്നുകള്‍ കണക്കാക്കി ഇന്‍ഡന്റ് നല്‍കണമെന്ന് എല്ലാ ആശുപത്രികളോടും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശവുമുണ്ട്. ഇതൊക്കെയാണെങ്കിലും മരുന്നു കമ്പനികളുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ ജനറിക് മരുന്നുകള്‍ ആശുപത്രിയില്‍ ഉള്ളപ്പോള്‍ തന്നെ ചില ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പുറത്തേക്ക് എഴുതിക്കൊടുക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കുന്നതില്‍ പല ഡോക്ടര്‍മാരും കാണിക്കുന്ന വിമുഖതയായിരിക്കണം മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തുവരാന്‍ ഇടയാക്കിയത്. എന്നാല്‍ ഉത്തരവിറക്കിയത് കൊണ്ടായില്ല, ഡോക്ടര്‍മാരും മെഡിക്കല്‍ റെപ്പുമാരും അത് പാലിക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ഡോക്ടറെ കാണാനുള്ള ഒ പി സമയം അവര്‍ അപഹരിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പും മനുഷ്യാവകാശ കമ്മീഷനും ഉറപ്പ് വരുത്തുകയും വേണം.