അണ്ടര്‍ 17 ലോകകപ്പ് : ബ്രസീലിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലില്‍

Posted on: October 25, 2017 7:54 pm | Last updated: October 25, 2017 at 7:54 pm

കൊല്‍ക്കത്ത : ആരാധകരെ ബ്രസീല്‍ നിരാശരാക്കി. അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ സെമിയില്‍ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കോടെ ഇംഗ്ലണ്ട് മുന്നേറ്റങ്ങളുടെ കുന്തമുനയായി മാറിയ ലിവര്‍പൂള്‍ താരം റയാന്‍ ബ്രൂസ്റ്ററിന്റെ മിന്നും പ്രകടനമാണ് മല്‍സരത്തിന്റെ ഹൈലൈറ്റ്. ആദ്യപകുതിയുടെ 10, 39 മിനിറ്റുകളില്‍ ഗോള്‍ നേടിയ ബ്രൂസ്റ്റര്‍, രണ്ടാം പകുതിയുടെ 77ാം മിനിറ്റിലാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. 21ാം മിനിറ്റില്‍ വെസ്‌ലിയാണ് ബ്രസീലിന്റെ ആശ്വാസഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഇംഗ്ലണ്ട് 21നു മുന്നിലായിരുന്നു.

ബ്രസീലിനെതിരായ ഹാട്രിക്കോടെ റയാന്‍ ബ്രൂസ്റ്ററിന്റെ ടൂര്‍ണമെന്റിലെ ഗോള്‍നേട്ടം ഏഴായി ഉയര്‍ന്നു. യുഎസ്എയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിലും ഹാട്രിക് നേടിയ ബ്രൂസ്റ്റര്‍, ടൂര്‍ണമെന്റിന്റെ താരമാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഒറ്റയ്ക്കു മുന്നിലെത്തി. മാലിയുടെ ലസ്സാന എന്‍ഡിയായെ അഞ്ചു ഗോളുകളോടെയും സ്‌പെയിനിന്റെ ആബേല്‍ റൂയിസ് നാലു ഗോളുകളോടെയും ബ്രൂസ്റ്ററിനു പിന്നിലുണ്ട്.