Connect with us

Gulf

പ്രഥമ ആഗോള വനിതാ സാമ്പത്തിക ശാക്തീകരണ ഉച്ചകോടി ഡിസംബറില്‍ ഷാര്‍ജയില്‍

Published

|

Last Updated

ഷാര്‍ജ: പ്രഥമ ആഗോള വനിതാ സാമ്പത്തിക ശാക്തീകരണ ഉച്ചകോടി ഈ വര്‍ഷം ഡിസംബറില്‍ ഷാര്‍ജയില്‍ നടക്കും. ഷാര്‍ജയിലെ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നമയും ആഗോള തലത്തില്‍ സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യു എന്‍ വുമണ്‍ സംഘടനയുമാണ് ഉച്ചകോടിയുടെ സംഘാടകര്‍. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയും നമയുടെ ചെയര്‍പേഴ്‌സണുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ കാര്‍മികത്വത്തിലാണ് ഉച്ചകോടി അരങ്ങേറുക. ഉച്ചകോടിക്കായുള്ള ഓണ്‍ലൈന്‍ രജിട്രേഷന്‍ കഴിഞ്ഞദിവസം ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
ആഗോള തലത്തിലും പ്രാദേശികമായും സ്ത്രീകള്‍ മാത്രം നേതൃത്വം വഹിക്കുന്ന സംരംഭങ്ങളുടെ ശാക്തീകരണം, സ്ത്രീകള്‍ക്ക് തുല്യ പ്രാമുഖ്യം നല്‍കി വിവിധ സംരംഭങ്ങളില്‍ അവരുടെ കഴിവ് വികസിപ്പിച്ചെടുക്കല്‍ തുടങ്ങിയ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും അന്താരാഷ്ട്ര സംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടുന്നതിന് വിവിധ മാതൃകകള്‍ മുന്‍ നിര്‍ത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ സാമ്പത്തിക ശാക്തീകരണ രംഗത്തെ പ്രമുഖരും ലോകപ്രശസ്ത നേതാക്കളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ആഗോള തലത്തില്‍ വിജയം കൈവരിച്ച വനിതാ സംരംഭകരുടെ അനുഭവ ജ്ഞാനവും അവര്‍ നേടിയ മികച്ച നേട്ടങ്ങളും ഉച്ചകോടിയില്‍ വിശദീകരിക്കും. ഐക്യ രാഷ്ട്രസഭയുടെ 2030 അജണ്ടയുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് മികച്ച രീതിയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പിക്കേണ്ടതിനുള്ള ആശയങ്ങളുടെ ചര്‍ച്ചയും ഉച്ചകോടിയില്‍ നടക്കും. ആഗോള തലത്തില്‍ സര്‍വ മേഖലയിലും സുസ്ഥിരമായ വികസന നേട്ടങ്ങള്‍ക്കൊപ്പം വനിതാ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്നതാണ് ഐക്യ രാഷ്ട്രസഭയുടെ 2030 അജണ്ട. വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ പ്രാവീണ്യം നല്‍കി ആഗോള തലത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിനുതകുന്ന ആശയങ്ങള്‍ കൈമാറുന്നതിന് സ്ത്രീ ശാക്തീകരണ രംഗത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിവിധ വനിതാ വ്യവസായ മേധാവികള്‍ തുടങ്ങിയവര്‍ ഉച്ചകോടിയുടെ ഭാഗമാകും. സമ്പദ്ഘടനയുടെ വളര്‍ച്ചക്കൊപ്പം ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉച്ചകോടിക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം എളുപ്പമാക്കിയിട്ടുണ്ടെന്ന് നമ ഡയറക്ടര്‍ റീം ബിന്‍ കറം പറഞ്ഞു. ഉച്ചകോടിയില്‍ ഭാഗമാകുന്നതിന് http://weesummit.com/register എന്ന വെബ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ഷാര്‍ജ ബിസിനസ് വുമണ്‍ കൗണ്‍സില്‍, ഇര്‍ത്തി കണ്‍ടെംപററി ക്രഫ്റ്റ്സ് കൗണ്‍സില്‍ ബദിരി എഡ്യൂക്കേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഫ്‌ലാറ്റ്ഫോം, അന്‍വാന്‍ എന്നീ സംഘടനകളുടെ കീഴില്‍ സ്ത്രീ ശാക്തീകരണത്തിനും ആഗോള തലത്തില്‍ മികവുറ്റ വികസനോന്മുഖ ആശയങ്ങളും വനിതകളെ പരിശീലിപ്പിക്കുന്നതിന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്ഥാപിച്ചതാണ് നമ.

 

 

---- facebook comment plugin here -----

Latest