റോഹിങ്ക്യന്‍ നരഹത്യ: മ്യാന്‍മറിനെതിര ഉപരോധം ഏർപ്പെടുത്താൻ യുഎസ് നീക്കം

Posted on: October 24, 2017 3:00 pm | Last updated: October 25, 2017 at 9:23 am

വാഷിംഗ്ടണ്‍: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമത്തിന്റെ പേരില്‍ ആ രാജ്യത്തിന് എതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക നടപടി തുടങ്ങി. മനുഷ്യാവകാശ നിയമം അനുസരിച്ച് മ്യാന്‍മര്‍ ഭരണകൂടത്തിന് എതിരെ ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎസ് ആലോചിക്കുന്നതെന്ന് വിദേശകാര്യ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്‍മറിലെ റാഖിന്‍ സംസ്ഥാനത്ത് റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന കിരാത നടപടികളില്‍ യുഎസ് ശക്തമായ ആശങ്ക രേഖപ്പെടുത്തി.

മ്യാന്‍മറിനുള്ള സൈനിക സഹായം നിര്‍ത്തലാക്കുക, മ്യാന്‍മറില്‍ നിന്നുള്ളവര്‍ക്ക് വിസ തിരസ്‌കരിക്കുക തുടങ്ങിയ ഉപരോധ മാര്‍ഗങ്ങളാണ് യുഎസ് ആലോചിക്കുന്നത്. സൈനിക സഹായം പിന്‍വലിക്കുന്നതായി യുഎസ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

മ്യാന്‍മറിലെ സൈനിക ഭരണകൂടമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പീഡനം സഹിക്കവയ്യാതെ ആറ് ലക്ഷത്തിലധികം റോഹിങ്ക്യകള്‍ ഇതിനകം മ്യാന്‍മറില്‍ നിന്ന് പലായം ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.