ഇടക്കാല ഉത്തരവ് അന്വേഷണത്തെ ബാധിച്ചു; രാജീവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

Posted on: October 24, 2017 12:24 pm | Last updated: October 24, 2017 at 3:01 pm

കൊച്ചി : ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല ഉത്തരവ് അന്വേഷണത്തെ ബാധിച്ചുവെന്ന് രാജീവിന്റെ അമ്മ രാജമ്മ അപ്പു. ഇതു സമ്പന്ധിച്ച് ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ സിംഗിള്‍ ബെഞ്ച് അഭിഭാഷകനെതിരെ അന്വേഷണം തുടരണമെങ്കില്‍ വ്യക്തമായ വസ്തുതകള്‍ വേണമെന്നും ഇക്കാര്യം മുദ്രവെച്ച കവറില്‍ നല്‍കാനും പൊലീസിനോടു നിര്‍ദേശിച്ചിരുന്നു. ഇത് ഒക്ടോബര്‍ 16 വരെ അന്വേഷണം നിലയ്ക്കാന്‍ ഇടയാക്കിയെന്നാണ് ആരോപണം

പ്രതികള്‍ക്ക് പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ അഡ്വ. ഉദയഭാനുവിന് ജാമ്യം അനുവദിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ഈ വിഷയത്തില്‍ നീതി നടപ്പാക്കാന്‍ ഉചിതമായ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.