ഷെറിന്‍ കൊല്ലപ്പെട്ടത് വീട്ടില്‍; വളര്‍ത്തച്ച്ഛന്‍ അറസ്റ്റില്‍

Posted on: October 24, 2017 9:14 am | Last updated: October 24, 2017 at 11:49 am

ഡാലസ് : അമേരിക്കയിലെ ടെക്‌സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്‌ലി മാത്യൂസ് അറസ്റ്റില്‍. മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി സൂചന. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്‌