Connect with us

Eranakulam

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ജസ്റ്റിസ് പി ഉബൈദ് പിന്മാറി

Published

|

Last Updated

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ ചാലക്കുടി രാജീവ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി ഉബൈദ് പിന്മാറി. ഇതോടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി മറ്റൊരു ബഞ്ചിലേക്ക് മാറ്റി. കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം.

ഉദയഭാനുവും കൂട്ടുപ്രതികളുമായുള്ള ഫോണ്‍കോള്‍ വിശദാംശങ്ങളുടെ വിവരണവും ഉള്‍പ്പെടെ കേസില്‍ ഏഴാം പ്രതിയായി ചേര്‍ക്കപ്പെട്ട സി പി ഉദയഭാനുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. കൊലപാതകത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉദയ ഭാനുവിലേക്ക് അന്വേഷണം നീണ്ടതോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി ഉദയഭാനു ഹൈക്കോടതിയെ സമീപിച്ചത്. ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതു പരിഗണിച്ച കോടതി മുന്‍കൂര്‍ നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ പോലീസിന് അനുവാദം നല്‍കിയിരുന്നു.
ഈ മാസം മൂന്നിനായിരുന്നു അഡ്വ. ബി രാമന്‍പിള്ള വഴി ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടിയത്. കേസില്‍ തനിക്ക് പങ്കില്ലെന്നും പ്രതികളെ മുന്‍പരിചയം മാത്രമേ ഉള്ളുവെന്നും ഉദയഭാനു ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന താന്‍ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലെന്നും ഉദയഭാനു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസിന്റെ വാദം. കേസിലെ ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴ് പ്രാവശ്യം ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്തംബര്‍ 29ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് വസ്തു ഇടപാട് രേഖകളില്‍ ബലമായി ഒപ്പുവെപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം