തീവ്രവാദികള്‍ക്കെതിരെ യു എസുമായി ചേര്‍ന്ന് സൈനിക നടപടിയില്ല: പാക്കിസ്ഥാന്‍

Posted on: October 23, 2017 10:55 pm | Last updated: October 23, 2017 at 10:40 pm

ഇസ്‌ലാമാബാദ്: അമേരിക്കയുമായി ചേര്‍ന്ന് തീവ്രവാദവിരുദ്ധ സൈനിക നടപടിക്ക് തയ്യാറല്ലെന്ന് പാക്കിസ്ഥാന്‍. ഇക്കാര്യം യു എസ് വിദേശ കാര്യ സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണോട് നേരിട്ട് പറയാന്‍ പാക് ഉന്നതതല സംഘം തീരുമാനിച്ചുവെന്നാണ് വിവരം. അമേരിക്ക ഇന്ത്യയുമായി കൂടുതല്‍ അടുക്കുകയും നിരവധി വിഷയങ്ങളില്‍ പാക്കിസ്ഥാനുമായി ഇടയുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയായാണ് ഈ നിലപാട് വിലയിരുത്തപ്പെടുന്നത്.
നിയമവാഴ്ച സാധ്യമല്ലാത്ത ഗോത്ര വര്‍ഗ മേഖല തീവ്രവാദികളുടെ സങ്കേതമാണെന്നും അവിടെ സംയുക്ത സൈനിക നീക്കം വേണമെന്നും അമേരിക്ക നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ സഹകരണമാകാം, കൈകോര്‍ത്ത് ഒരേ മുന്നണിയില്‍ നിലകൊള്ളുന്നത് വേണ്ടെന്നതാണ് പാക്കിസ്ഥാന്റെ പുതിയ നിലപാട്.

ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്ന് തന്നെയാണ് നേതാക്കളുടെ ഏറ്റവും പുതിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഈയിടെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ വിദേശകാര്യ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് പറഞ്ഞത്, സംയുക്ത ആക്രമണം ആകാമെന്നാണ്. എന്നാല്‍ പിന്നീട് അദ്ദേഹം അത് തിരുത്തി. പാക് മണ്ണില്‍ വിദേശ ബൂട്ടു പതിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്.
2001ല്‍ താലിബാനെ തൂത്തെറിഞ്ഞ ശേഷം അഫ്ഗാനിസ്ഥാനില്‍ ഒരിക്കല്‍ കൂടി താലിബാന്‍ ശക്തി സംഭരിക്കുന്ന ഘട്ടത്തിലാണ് ടില്ലേഴ്‌സണ്‍ മേഖലയില്‍ സന്ദര്‍ശനത്തിനെത്താനിരിക്കുന്നത്. അഫ്ഗാനില്‍ #ോകൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പാക്കിസ്ഥാന്റെ ചൈനീസ് ബന്ധത്തെ സംശയത്തോടെ കാണാനുമാകും ടില്ലേഴ്‌സണ്‍ മുതിരുക.