വികസനത്തിന് 10,000 കോടിയുടെ നിക്ഷേപം കെ എസ് എഫ് ഇ പ്രവാസി ചിട്ടി വഴി കണ്ടെത്തും: ഐസക്

Posted on: October 21, 2017 11:23 pm | Last updated: October 21, 2017 at 11:23 pm

കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസനത്തിന് ചുരുങ്ങിയത് 10,000 കോടി രൂപയുടെ നിക്ഷേപം കെ എസ് എഫ് ഇയുടെ പുതുതായി ആരംഭിക്കുന്ന ‘പ്രവാസി ചിട്ടി’ വഴി കണ്ടെത്തുമെന്ന് ധനകാര്യ- കയര്‍ വകുപ്പു മന്ത്രി ഡോ ടി എം തോമസ് ഐസക് പറഞ്ഞു. കിഫ്ബിയുമായി സഹകരിച്ചാണ് കേരളത്തിന്റെ മൂലധന നിക്ഷേപത്തിന് വന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ എസ് എഫ് ഇ ‘പ്രവാസി ചിട്ടി’ ജീവനക്കാരുടെ ഉത്തര മേഖലാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി.

ഒരു സംഭാവനയും നല്‍കാതെ നാടിന്റെ വികസനത്തില്‍ പങ്കാളികളാവാനാണ് പ്രവാസികളോട് ആവശ്യപ്പെടുന്നത്. അതിന് അവര്‍ ‘പ്രവാസി ചിട്ടി’യില്‍ അംഗത്വം എടുത്താല്‍ മാത്രം മതി. വിദേശത്ത് ചിട്ടി നടത്താനുള്ള അനുമതി സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് എഫ് ഇക്ക് ഇതിനകം റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രവാസി ചിട്ടി വഴി മൂന്ന് വര്‍ഷം കൊണ്ട് 10 ലക്ഷം ഇടപാടുകാരെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ഇവരിലൂടെ വരുന്ന 24,000 കോടിയുടെ ചിട്ടി ടേണ്‍ഓവറില്‍ 10,000 കോടി രൂപയെങ്കിലും നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ തുക ഉപയോഗിച്ച് കിഫ്ബി മുഖേന കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ചിട്ടിയിലേക്ക് പ്രവാസികളെ ആകര്‍ഷിക്കാന്‍ മന്ത്രി ജീവനക്കാരോട് ആഹ്വാനം ചെയ്തു.

പ്രവാസി ചിട്ടി പദ്ധതി കെഎസ് എഫ് ഇയുടെ കുതിച്ചു ചാട്ടത്തിന് വഴിവെക്കും. 47 വര്‍ഷം കൊണ്ട് 1.27 കോടിയില്‍ നിന്ന് 18,246 കോടിയിലേക്ക് വളര്‍ന്ന കെ എസ് എഫ് ഇ അടുത്ത മൂന്ന് വര്‍ഷത്തിനകം 36,000 കോടിയുടെ ഇരട്ടി വളര്‍ച്ചയാണ് കൈവരിക്കാന്‍ പോകുന്നത്. കെ എസ് എഫ് ഇയുടെ ഓഫീസുകള്‍ നവീകരിക്കുമെന്നും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട പരിശീലനത്തിന് സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തില്‍ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു.