കാബൂളില്‍ വീണ്ടും ഭീകരാക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു

Posted on: October 21, 2017 6:36 pm | Last updated: October 21, 2017 at 11:10 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. കാബൂളിലെ മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിയുടെ ഗേറ്റിനുമുമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മിലിറ്ററി അക്കാദമി കേഡറ്റുകള്‍ സഞ്ചരിച്ച ബസ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അഫ്ഗാനിലെ തെക്കന്‍ പ്രവിശ്യയായ കാണ്ഡഹാറിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് കാറുകള്‍ മെയ്‌വന്ദ് ജില്ലയിലെ സൈനിക താവളത്തിനുള്ളിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.
അഫ്ഗാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരാഴ്ചക്കിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച കിഴക്കന്‍ അഫ്ഗാനിലെ രണ്ടിടങ്ങളിലായി താലിബാന്‍ നടത്തിയ ആക്രമണത്തില്‍ എണ്‍പതോളം പേരാണ് മരിച്ചത്.

പോലീസ് ക്യാമ്പിലും ഗവര്‍ണര്‍ ആസ്ഥാനത്തുമാണ് ചാവേറാക്രമണങ്ങള്‍ നടന്നത്. പക്തിയ പ്രവിശ്യയുടെ തലസ്ഥാനമായ ഗര്‍ദെസിലെ പോലീസ് പരിശീലന കേന്ദ്രത്തിലും ഗര്‍ദെസില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗസ്‌നിയിലുമാണ് ഒരേ ദിവസം ചാവേറാക്രമണമുണ്ടായത്. അമേരിക്കയുടെയും സഖ്യ രാഷ്ട്രങ്ങളുടെയും ആയിരത്തിലധികം സൈനികര്‍ അഫ്ഗാനിസ്ഥാനിലുണ്ട്.