കെ എസ് ടി പിയുടെ കുഴിയില്‍ വീണ് യുവാവിന്റെ കണ്ണ് തകര്‍ന്നു

Posted on: October 20, 2017 8:55 pm | Last updated: October 20, 2017 at 8:55 pm

കാഞ്ഞങ്ങാട്: കെഎസ്ടിപിയുടെ കുഴിയില്‍ കാല്‍തെന്നി വീണ് കണ്ണുതകര്‍ന്ന നിലയില്‍ യുവാവ് ആശുപത്രിയിലായി. തൃക്കരിപ്പൂര്‍ സ്വദേശി ഷിജിത്ത് (32) ആണ് കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡിന്റെ ഡിവൈഡറില്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാന്‍ കുഴിച്ച കുഴിയില്‍ വീണത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നോര്‍ത്ത് കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് വരെ കെഎസ്ടിപി റോഡ് മധ്യത്തിലെ ഡിവൈഡറില്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാന്‍ വന്‍ കുഴികള്‍ നിര്‍മിച്ചിരുന്നു. യാതൊരു സൂചനാ മുന്നറിയിപ്പുകളോ സുരക്ഷാ വലയമോ ഇല്ലാതെ റോഡുമധ്യത്തിലെ ഡിവൈഡറില്‍ നിര്‍മിച്ച കുഴികള്‍ പ്രത്യക്ഷത്തില്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പെടുന്നില്ല. തെരുവ് വിളക്കുകളൊന്നും കത്താത്തതിനാല്‍ രാത്രിയായാല്‍ ഇവിടെ കൂരിരുട്ട് തന്നെയാണ്.

കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന് വടക്കുമാറി നിര്‍മിച്ച കുഴിയിലാണ് ഷിജിത്ത് തലയിടിച്ച് വീണത്. ഇരു കണ്ണുകള്‍ക്കും തലക്കും പരുക്കേറ്റ യുവാവിനെ സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.