Connect with us

Ongoing News

താജ്മഹലിനെ തള്ളിപ്പറയുമ്പോള്‍

Published

|

Last Updated

ലോക മഹാത്ഭുതങ്ങളിലൊന്നും ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതീകവുമായ താജ്മഹലിനെ തള്ളിപ്പറയുന്നത് ഗുരുതരമായ സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ബോധ്യപ്പെട്ടത് കൊണ്ടായിരിക്കണം തന്റെ മുന്‍ പ്രസ്താവന തിരുത്താന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ബന്ധിതനായത്. താജ്മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവിക്കുകയും ഉത്തര്‍പ്രദേശ് ടൂറിസ്റ്റ് ബുക്‌ലറ്റില്‍ നിന്ന് താജ്മഹലിന്റെ ചിത്രവും വിവരങ്ങളും നീക്കുകയും ചെയ്ത യോഗി, താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും യുപി സര്‍ക്കാര്‍ പ്രാധാന്യത്തോടെയാണ് താജ്മഹലിനെ കാണുന്നതെന്നുമാണ് ചൊവ്വാഴ്ച മാധ്യമങ്ങളോട് തിരുത്തിയത്. ഈ മാസം 26ന് താജ്മഹല്‍ സന്ദര്‍ശിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഷാജഹാന്‍ ചക്രവര്‍ത്തി രാജ്യദ്രോഹിയാണെന്നും ഈ പൈതൃകം ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്നുമുള്ള പ്രസ്താവനയുമായി യു പിയിലെ എം എല്‍ എ സംഗീത് സോമുംരംഗത്ത് വന്നിരുന്നു.

ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസിയും നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയും ചുട്ടമറുപടി നല്‍കിയതോടെയാണ് യോഗിയും ബി ജെ പി നേതൃത്വവും പിന്നോട്ടടിച്ചത്. താജ്മഹല്‍ മാത്രമല്ല, ഡല്‍ഹിയിലെ ചെങ്കോട്ട നിര്‍മിച്ചതും സംഗീത് സോം പറഞ്ഞ “രാജ്യദ്രോഹി”യാണ്. പ്രധാനമന്ത്രി അവിടെ പോയി പ്രസംഗിക്കുന്നത് നിര്‍ത്തുമോ? ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസ് നിര്‍മിച്ചതും ബി ജെ പി “രാജ്യദ്രോഹികളെ”ന്ന് ആക്ഷേപിക്കുന്നവരാണ്. വിദേശ അതിഥികള്‍ക്ക് ഹൈദരാബാദ് ഹൗസില്‍ വിരുന്ന് നല്‍കുന്നത് നിര്‍ത്താന്‍ പ്രധാനമന്ത്രി തയാറാകുമോ എന്നായിരുന്നു ഉവൈസിയുടെ ചോദ്യം. അടുത്ത സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ട ഒഴിവാക്കി പ്രധാനമന്ത്രി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് കാണാന്‍ കാത്തുനില്‍ക്കുകയാണെന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പരിഹാസം. താജ്മഹലിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അതുവഴി ലഭിക്കുന്ന ഭീമമായ വരുമാനം ഇല്ലാതാക്കുമെന്ന് എസ് പി നേതാവ് ജുഹി സിംഗും യു പി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു.

താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിംഭരണാധികാരികളല്ല, ഹിന്ദുരാജാവാണ് എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു നേരത്തെ സംഘ്പരിവാറിന്റെ ശ്രമം. രജപുത്ര രാജാവ് സ്ഥാപിച്ച തേജോ മഹാലയ എന്ന ശിവക്ഷേത്രമാണ് താജ്മഹല്‍ എന്നവകാശപ്പെട്ട് പി എന്‍ ഓക്ക് “താജ്മഹല്‍, ദി ട്രൂ സ്‌റ്റോറി” എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയും ഇത് ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 2015 ഏപ്രിലില്‍ ആഗ്ര ജില്ല കോടതിയിലെ സംഘ് പരിവാര്‍ അനുകൂലികളായ ആറ് അഭിഭാഷകരും ഇതേ ആവശ്യമുന്നയിച്ചു ഹരജി സമര്‍പ്പിച്ചു. ഇവരുടെ അവകാശ വാദത്തില്‍ അഭിപ്രായം അറിയിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാര്‍, സാംസ്‌കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി, ആര്‍ക്കിയോള ജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് നോട്ടീസയച്ചു.താജ്മഹല്‍ ശിവക്ഷേത്രമല്ല, ശവകുടീരം(മഖ്ബറ) ആണെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് നില്‍ക്കുന്ന സ്ഥലത്ത് ശിവക്ഷേത്രമുള്ളതിന് തെളിവുകളില്ലെന്ന് 2015 നവംബറില്‍ ലോക്‌സഭയില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പും വ്യക്തമാക്കിയിരുന്നു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്‍ മന്ദിരം നിര്‍മിച്ചത് ഷാജഹാനാണെന്ന് വ്യക്തമായി പറയുന്നുണ്ട്. മാര്‍ബിളിന് ചെലവിട്ട തുക, തൊഴിലാളികള്‍ക്ക് നല്‍കിയ കൂലി തുടങ്ങിയ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ദൈനംദിന അക്കൗണ്ടില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തുകയും ചെയ്തു. താജ്മഹല്‍ നിര്‍മിക്കുന്ന കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സ്വര്‍ണ വ്യാപാരിയായ തവര്‍ണിയര്‍, യൂറോപ്യന്‍ സഞ്ചാരിയായ പീറ്റര്‍ മുണ്ഡേ തുടങ്ങി നിരവധി പേര്‍ നിര്‍മാതാവ് ഷാജഹാനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാജ ചരിത്ര നിര്‍മിതിയിലൂടെ താജ്മഹല്‍ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഈ അഭിമാന സ്തംഭം ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നില്ലെന്ന വിചിത്ര വാദവുയായി സംഘ്പരിവാര്‍ രംഗത്തുവന്നത്. ലോകമഹാത്ഭുതങ്ങളില്‍ ഇടം നേടിയ താജ്മഹല്‍ ലക്ഷക്കണക്കിനു സഞ്ചാരികളെയാണ് ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. വര്‍ഷാന്തം 60 ലക്ഷം സഞ്ചാരികള്‍ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നു. ഇന്ത്യയിലെ ഏറ്റവും സന്ദര്‍ശകരുള്ള സ്മാരകം 2013-15 കാലത്തെ മൂന്ന് വര്‍ഷത്തിനിടയിലുണ്ടാക്കിയ വരുമാനം 76 കോടി രൂപയാണെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേന്ദ്ര ടൂറിസം മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. പ്രവേശന ടിക്കറ്റിലൂടെ മാത്രമുള്ള വരുമാനമാണിത്. ഹോട്ടല്‍, ഗതാഗത മേഖലയും മറ്റും കൂടി കണക്കിലെടുക്കുമ്പോള്‍ വരുമാനം ഇനിയും കുത്തനെ ഉയരും. ആഗ്ര കോട്ട, കുത്തബ് മിനാര്‍, ചെങ്കോട്ട, ഹുമയൂണ്‍ കബീറിന്റെയും അക്ബര്‍ ചക്രവര്‍ത്തിയുടെയും മഖ്ബറകള്‍ എന്നിങ്ങനെ “രാജ്യദ്രോഹികള്‍” പണി കഴിപ്പിച്ച സ്മാരകങ്ങളും സൗധങ്ങളുമാണ് സന്ദര്‍ശക ബാഹുല്യത്തിലും വരുമാനത്തിലും താജ്മഹലിന് തൊട്ടുപിറകിലെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. അതുകൊണ്ട് ഇത്തരം സ്മാരകങ്ങളെ തളളിപ്പറയുമ്പോള്‍ മുസ്‌ലിം സമുദായത്തിന് മാത്രമല്ല, രാജ്യത്തിനാകെയാണ് അതിന്റെ നഷ്ടമെന്ന് സംഘ്പരിവാര്‍ മനസ്സിലാക്കേണ്ടതുണ്ട്.

Latest