Connect with us

Kerala

സോളാര്‍: റിപ്പോര്‍ട്ടിനായി ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സോളാര്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ റിപ്പോര്‍ട്ടിനായി നിയമപരമായി നീങ്ങാന്‍ ആരോപണ വിധേയരുടെ തീരുമാനം. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ടിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ നീക്കം. നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്ക് നേരിട്ടും കത്തയച്ചിരുന്നെങ്കിലും നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് നിയമമന്ത്രിയും ഇതിന് പിന്നാലെ മുഖ്യമന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത്.

റിപ്പോര്‍ട്ട് ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് അടുത്ത ദിവസം തന്നെ കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നാണ് സൂചന. ഹരജി നല്‍കുന്നത്് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി അവസാനവട്ട കൂടിയാലോചനകള്‍ നടന്നുവരികയാണ്. സാധാരണ പൗരന് കിട്ടേണ്ട നീതി പോലും നിഷേധിക്കപ്പെട്ടെന്ന വാദമാകും ഹരജിയിലൂടെ കോടതിയില്‍ ഉന്നയിക്കുക. എന്താണ് ആരോപണങ്ങളെന്നുപോലും വ്യക്തമാകാതെ എങ്ങനെ കേസെടുക്കാനാവും എന്നതും ആരോപണ വിധേയര്‍ ഹരജി വഴി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. വിവരാവകാശം വഴി നല്‍കിയ അപേക്ഷക്കോ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനോ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മുഖ്യമന്ത്രി പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടും റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടി സാമാന്യനീതിയുടെ നിഷേധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടും.

ഉമ്മന്‍ ചാണ്ടിക്കായി കപില്‍ സിബലും മനു അഭിഷേക് സിംഗ്‌വിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരാകും കോടതിയില്‍ എത്തുക. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി നിയമജ്ഞരുമായി ആശയവിനിമയം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി വിവരാവകാശ നിയമം വഴി ചീഫ് സെക്രട്ടറിക്കും പിന്നീട് മുഖ്യമന്ത്രിക്കും കത്ത് നല്‍കിയത്. സോളാര്‍ അന്വേഷണ സംഘത്തെയും അവരുടെ പരിഗണനാ വിഷയങ്ങളും സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവിറക്കിയ ശേഷം കോടതിയെ സമീപിച്ചാല്‍ മതിയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, സോളാര്‍ ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെയും പുറത്തിറങ്ങിയില്ല. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ശനിയാഴ്ച അഡ്വക്കേറ്റ് ജനറലിന് കൈമാറിയ ഉത്തരവിന്റെ പകര്‍പ്പില്‍ നിയമോപദേശം സഹിതം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എ ജി തിരിച്ചേല്‍പിച്ചതായി സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം പഴുതടച്ചുള്ള ഉത്തരവ് അടുത്ത ദിവസം ഇറങ്ങുമെന്നാണ് വിവരം.
സോളാര്‍ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കേസെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറങ്ങേണ്ടതായിരുന്നു എന്നാല്‍ നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഉത്തരവ് പുറത്തിറങ്ങാന്‍ വൈകുന്നതെന്ന് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.

 

Latest