Connect with us

Editorial

പ്രത്യയശാസ്ത്ര ദുശ്ശാഠ്യം വേണ്ട

Published

|

Last Updated

കോണ്‍ഗ്രസുമായുള്ള സഹകരണത്തെക്കുറിച്ച് വ്യക്തമായ നിലപാടെടുക്കാനാകാതെ വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിലേക്ക് മാറ്റിവെച്ചാണ് ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗം പിരിഞ്ഞത്. ദേശീയ തലത്തില്‍ ബി ജെ പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിനായി കോണ്‍ഗ്രസുമായി ബന്ധം ആവശ്യമാണെന്ന നിലപാടില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യമോ സഹകരണമോ വേണ്ടെന്ന നിലപാടില്‍ പ്രകാശ് കാരാട്ടും ഉറച്ചു നിന്നതോടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കരടുരൂപരേഖ തയാറാക്കാന്‍ പി ബിയെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. പി ബി കരട്‌രേഖ ജനുവരിയില്‍ ചേരുന്ന സി സിയില്‍ അവതരിപ്പിക്കും. ചര്‍ച്ചയില്‍ പങ്കെടുത്ത 33 പേര്‍ കാരാട്ടിനെ പിന്തുണച്ചപ്പോള്‍ 31 പേര്‍ യെച്ചൂരിക്കൊപ്പമായിരുന്നു. പശ്ചിമ ബംഗാള്‍ ഘടകം ഒന്നടങ്കം യെച്ചൂരിയെ പിന്തുണച്ചപ്പോള്‍ വി എസ് ഒഴികെയുള്ള കേരള പ്രതിനിധികള്‍ കാരാട്ടിനൊപ്പമായിരുന്നത്രേ.

പ്രത്യയശാസ്ത്ര ദുശ്ശാഠ്യവും രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളി കണക്കിലെടുത്തുള്ള രാഷ്ട്രീയ നയവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്. കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാരന്റെ ദുരവസ്ഥക്ക് കാരണം കോണ്‍ഗ്രസിന്റെ കൂടി സാമ്പത്തിക നയങ്ങളാണെന്നും അത് ബി ജെ പിയുടേതില്‍ നിന്നും തെല്ലും വ്യത്യസ്തമല്ലെന്നിരിക്കെ കോണ്‍ഗ്രസിനെയും ശക്തമായി എതിര്‍ക്കുകയാണ് പാര്‍ട്ടി ധര്‍മമെന്നാണ് കാരാട്ട് മുന്നോട്ട് വെക്കുന്ന വാദം. അതേസമയം ഹിന്ദുത്വ ഫാസിസം പൂര്‍വോപരി ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കെ രാജ്യത്ത് വിശാല മതനിരപേക്ഷ സഖ്യം രൂപപ്പെടേണ്ടതുണ്ട്. ഈ സഖ്യത്തിന്റെ വിജയത്തിന് കോണ്‍ഗ്രസുമായി ബന്ധം ആവശ്യമാണെന്നാണ് യെച്ചൂരിയുടെ കാഴ്ചപ്പാട്.
സാമ്പത്തിക നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്ന കാരാട്ട് പക്ഷം, മാറുന്ന ലോക സാഹചര്യത്തിനനുസരിച്ച് ഇടതുപക്ഷ സാമ്പത്തിക നയത്തിലും കാതലായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുകയാണ്. ചൈനയിലും വിയറ്റ്‌നാമിലും കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പാക്കിയതിനു അപ്പുറമുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളൊന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ് നടപ്പാക്കിയിട്ടില്ല. മാത്രമല്ല, പകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോഴാണ് 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപി എ സര്‍ക്കാറിനെ സി പി എം പിന്തുണച്ചത്. അന്ന് മതനിരപേക്ഷ സഖ്യത്തിനെതിരെ നിലയുറപ്പിച്ചിരുന്നത് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയായിരുന്നു. ഇന്ന് മോദി ഭരണത്തില്‍ സംഘ്പരിവാറിന്റെ തേര്‍വാഴ്ച നടക്കുന്നതിനാല്‍ അന്നത്തേക്കാള്‍ കോണ്‍ഗ്രസ് സഹകരണം ആവശ്യമുള്ള ഘട്ടമാണ്. 2004ന് മുമ്പും പലപ്പോഴും സി പി എം കോണ്‍ഗ്രസുമായി സഹകരിച്ചിട്ടുണ്ട്.

സാഹചര്യങ്ങളുടെ അനിവാര്യത കണക്കിലെടുത്തു വേണം സി പി എം ഉള്‍പ്പെടെ മതേതര രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയ ബന്ധങ്ങള്‍ രൂപപ്പെടുത്തേണ്ടത്. അല്ലെങ്കില്‍ 1996ലെ ചരിത്രപരമായ മണ്ടത്തരം ഇനിയും ആവര്‍ത്തിച്ചെന്നിരിക്കും. ബി ജെ പി അധികാരത്തില്‍ എത്തിയേക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ 1996ല്‍ ഇന്ത്യയിലെ മുഴുന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന് ജ്യോതിബാസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കം നടത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു അന്ന് ജ്യോതിബസു. ഇന്നത്തേക്കാള്‍ ശക്തമായിരുന്ന അന്നത്തെ കോണ്‍ഗ്രസ് വരെ ഈ നീക്കത്തിന് പിന്തുണ നല്‍കി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്ന അന്നത്തെ സി പി എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും ഇതിന് പച്ചക്കൊടി കാട്ടി. അതോടെ ജ്യോതി ബസു പ്രധാനമന്ത്രിയാവും എന്നൊരു പ്രതീതിയുണ്ടായി. പക്ഷേ, സി പി എമ്മിലെ ചിലര്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് നീക്കത്തെ അട്ടിമറിക്കുകയായിരുന്നു. “ചരിത്രപരമായ മണ്ടത്തരം” എന്നാണ് പാര്‍ട്ടിക്ക് കൈവന്ന സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ചു ബസു പിന്നീട് പ്രതികരിച്ചത്. പാര്‍ട്ടിക്കും പിന്നീട് ഇതേ വിലയിരുത്തല്‍ നടത്തേണ്ടിവന്നു. കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പിന് മുഖ്യകാരണമായി കാരാട്ട് പക്ഷം ചൂണ്ടിക്കാണിക്കുന്ന സാമ്പത്തിക നയത്തിലും സി പി എം കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുകയും ഉദാരവത്കരണ നയങ്ങളെ അംഗീകരിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചു പാര്‍ട്ടി അഥവാ കാരാട്ട് പക്ഷം നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെ മുന്‍കണ്ടു കൊണ്ടുള്ള ഒരു നയത്തിലേക്ക് ഉയര്‍ന്നുവരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ യെച്ചൂരി പക്ഷത്തിന് പാര്‍ട്ടിയില്‍ പിന്തുണ വര്‍ധിക്കുന്നുവെന്നത് ആശാവഹമാണ്. പോളിറ്റ് ബ്യൂറോയില്‍ 10നെതിരെ ആറ് എന്നതായിരുന്നു യെച്ചൂരിയുടെ നിലപാടിനുള്ള പിന്തുണയെങ്കില്‍ കേന്ദ്രകമ്മിറ്റിയില്‍ അത് ഏറെക്കുറെ ബലാബലമായിരുന്നു.

 

Latest