Connect with us

Kerala

വിഴിഞ്ഞം; രണ്ടാം ഘട്ട നിര്‍മ്മാണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

2028ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും.

Published

|

Last Updated

തിരുവനന്തപുരം| വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്കാണ് ചടങ്ങ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനമാണ് ഈ ഘട്ടത്തില്‍ പൂര്‍ത്തിയാകുക. 2028ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും.

ഈ ഘട്ടത്തില്‍ 10,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളില്‍ നിന്നായി 15.19 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. എന്നാല്‍ 2028ല്‍ വിഴിഞ്ഞം പൂര്‍ണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.

2015 ഡിസംബര്‍ 5നാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണം ആദ്യഘട്ടം ആരംഭിക്കുന്നത്. 2023 ഒക്ടോബര്‍ 15ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍, ചൈനീസ് ചരക്കുകപ്പല്‍ ഷെന്‍ ഹുവ 15എ എത്തി. 2024 ജൂലൈ 12ന് ട്രയല്‍ റണ്‍ ആരംഭിച്ചു, പിന്നാലെ സാന്‍ ഫര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞത്തെത്തി. 2024 ഡിസംബര്‍ 3ന് വാണിജ്യാടിസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. 2025 മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തു. 2025 ജൂണ്‍ 9ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തി. 2025 സെപ്തംബര്‍ 23ന് 500മാത്തെ കപ്പല്‍ വിഴിഞ്ഞത്തെത്തി. 2025 ഡിസംബറില്‍ ഒരു മാസം 1.21 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്ത് റെക്കോര്‍ഡ് നേട്ടവും വിഴിഞ്ഞം തുറമുഖം സ്വന്തമാക്കി.

 

 

Latest