Uae
മിഡിൽ-മൈൽ ഡെലിവറിക്ക് ഡ്രോൺ വിമാനങ്ങൾ വരുന്നു
ലോഡ് പദ്ധതിക്ക് തുടക്കമായി
ദുബൈ|യു എ ഇയിലെ ചരക്ക് ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സ്വയം നിയന്ത്രിത ഡ്രോൺ വിമാനങ്ങൾ വഴിയുള്ള മിഡിൽ-മൈൽ ഡെലിവറി പദ്ധതിക്ക് തുടക്കമായി. ലോജിസ്റ്റിക്‌സ് ഓൺ ഡിമാൻഡ് ഡ്രോൺസ് – ലോഡ് എന്ന പേരിലുള്ള ഈ നൂതന സംരംഭം രാജ്യത്തെ വിവിധ വിതരണ കേന്ദ്രങ്ങൾ തമ്മിലുള്ള ചരക്ക് നീക്കം അതിവേഗത്തിലാക്കാൻ സഹായിക്കും. പരമ്പരാഗത ട്രക്കുകൾക്കും വലിയ വിമാനങ്ങൾക്കും പകരമായി ഇടത്തരം വലിപ്പമുള്ള കാർഗോ ഡ്രോണുകളാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്.
റോഡ് മാർഗമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കി കുറഞ്ഞ സമയത്തിനുള്ളിൽ വൻതോതിലുള്ള ചരക്കുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും. ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി, ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അത്യാധുനിക സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വിമാനങ്ങൾക്ക് മനുഷ്യ സഹായമില്ലാതെ തന്നെ നിശ്ചിത പാതകളിലൂടെ സഞ്ചരിക്കാൻ കഴിയും. കാർബൺ പുറന്തള്ളൽ കുറവായതിനാൽ പരിസ്ഥിതി സൗഹൃദമായ ഒരു ഗതാഗത സംവിധാനമാണിത്. ആദ്യഘട്ടത്തിൽ നിശ്ചിത വ്യവസായ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും സർവീസുകൾ ആരംഭിക്കുക.



