Kerala
വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികളെ സഹായിക്കാന്‍; ഫണ്ട് തിരിമറി ആരോപണം തള്ളി എം വി ജയരാജന്‍
താനൊഴികെ മറ്റെല്ലാവരും കള്ളന്‍മാരാണെന്ന നിലപാടാണ് കുഞ്ഞികൃഷ്ണന്റേതെന്നും ജയരാജന്‍
കണ്ണൂര്‍ | പയ്യന്നൂരില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി വകമാറ്റിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ വാസ്തവമില്ലെന്ന് മുന്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. താനൊഴികെ മറ്റെല്ലാവരും കള്ളന്‍മാരാണെന്ന നിലപാടാണ് കുഞ്ഞികൃഷ്ണന്റേതെന്നും ജയരാജന്‍ പറഞ്ഞു. പയ്യന്നൂരില്‍ വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനായി ആരും പണം തട്ടിയെടുത്തിട്ടില്ല. വരവുചെലവ് കണക്കുകള്‍ കൃത്യസമയത്ത് ഹാജരാക്കുന്നതില്‍ ഉണ്ടായ വീഴ്ചയെയാണ് ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും എം വി ജയരാജനോടൊപ്പമുണ്ടായിരുന്നു
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അദ്ദേഹം നടത്തിയ ആരോപണങ്ങള്‍ തികച്ചും അപകീര്‍ത്തികരമാണ്.
2021ല്‍ ഉയര്‍ന്ന പരാതികളെക്കുറിച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷന്‍ വിശദമായി അന്വേഷിച്ചതാണ്. ഫണ്ടില്‍ ക്രമക്കേട് നടന്നില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചതുമാണ്. ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതും വിഭാഗീയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിച്ചതുമാണ് കുഞ്ഞികൃഷ്ണനെതിരെ അച്ചടി നടപടിയെടുക്കാന്‍ കാരണമായതെന്നും എം വി ജയരാജന്‍ പറഞ്ഞു.
എട്ടു മാസം മുന്‍പ് ജില്ലാ കമ്മിറ്റി യോഗത്തില്‍ വെച്ച് തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണന്‍ സമ്മതിച്ചിരുന്നതായും, അതിന് ശേഷവും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതായും എം വി ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയ എതിരാളികളെ സഹായിക്കാനുമാണ് ഇപ്പോള്‍ വീണ്ടും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനരാജ് രക്തസാക്ഷി ഫണ്ട്, ചിറ്റാരിപ്പറമ്പ് സി വി ഫണ്ട് എന്നിവയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായാണ് വി കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഫണ്ട് തിരിമറി നടന്നതിന് കൃത്യമായ കണക്കുകള്‍ തന്റെ പക്കലുണ്ടെന്നും നടപടിയില്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു



