Connect with us

Kerala

കണ്ണൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈകോടതി സര്‍ക്കാറിനോട് റിപ്പോര്‍ട് തേടി

Published

|

Last Updated

കൊച്ചി: കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. എന്നാല്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ ഒരു സാസ്‌കാരിക സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കവേയാണ് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകകരുടെ കൊലപാതകങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്തതാണെന്നും ഇതില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. കൊലപാതകങ്ങളില്‍ ഗൂഢാലോചന നടത്തിയവരെ പിടികൂടാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും, സിബിഐയ്ക്ക് മാത്രമേ ഈ കേസുകളില്‍ സത്യസന്ധമായതും കാര്യക്ഷമായതുമായ അന്വേഷണം നടത്താനാകൂയെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
എന്നാല്‍ ഇത്തരം കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

 

Latest