Connect with us

Editorial

യോഗിയുടെ സമ്മാനം

Published

|

Last Updated

നിയമവ്യസ്ഥയോടും മനുഷ്യത്വത്തോടും യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ വെല്ലുവിളിയും അവഹേളനവുമാണ് ദാദ്രിയില്‍ പശുവിറച്ചി കൈവശംവെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദിച്ചുകൊന്ന പശുഭീകരര്‍ക്ക് സാമ്പത്തിക സഹായവും ജോലിയും നല്‍കാനുള്ള യു പി സര്‍ക്കാര്‍ തീരുമാനം. ജയിലില്‍ നിന്ന് മരിച്ച കേസിലെ മുഖ്യപ്രതി രവിന്‍ സിസോദിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപയാണ് സഹായം പ്രഖ്യാപിച്ചത്. രവിന്‍ സിസോദിയുടെ ഭാര്യക്ക് പ്രൈമറി സ്‌കൂളില്‍ ജോലി വാഗ്ദാനവുമുണ്ട്. ഈ കുടുംബത്തിന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം രൂപയും “സന്നദ്ധ സംഘടനകള്‍” 10 ലക്ഷം രൂപയും സ്ഥലം എം പി കൂടിയായ കേന്ദ്ര മന്ത്രി ഡോ. മഹേഷ് ശര്‍മയും എം എല്‍ എ സംഗീത് സോമും അഞ്ച് ലക്ഷം രൂപ വീതവും കുടുംബത്തിന് പ്രഖ്യാപിച്ചിരുന്നു. കേസിലെ മറ്റു പ്രതികള്‍ക്ക് ജോലി നല്‍കാന്‍ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനുമായി(എന്‍ സി പി ടി) സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനവുമാ യി ധാരണയിലെത്തിയിരിക്കയുമാണ്. 18പേരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.

പ്രതികളെല്ലാം ബി ജെ പി എം എല്‍എ തേജ്പാല്‍ സിംഗിന്റെ ആള്‍ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. പ്രതിക ള്‍ക്കെതിരെ കുറ്റപത്രം മനഃപൂര്‍വം താമസിപ്പിച്ച് പോലീസ് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇവര്‍ എം എല്‍ എയുടെ സഹായത്തോടെ എന്‍ ടി പി സി അധികൃതരെ കണ്ട് ജോലി സംബന്ധിച്ച കാര്യം ഉറപ്പുവരുത്തുകയായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും ജോലി നല്‍കുമെന്ന് കമ്പനി ഉറപ്പു നല്‍കിയതായി സിംഗിനെ ഉദ്ധരിച്ചു പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍ക്കാറുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലല്ല, കമ്പനിയുടെ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സാമൂഹിക ഉന്ഥാനം ലക്ഷ്യമാക്കിയാണ് ജോലി നല്‍കിയതെന്നാണ് കമ്പനി മാനേജ്‌മെന്റ് പറയുന്നത്. വിവാദമായപ്പോഴാണ് വിശദീകരണവുമായി അവര്‍ രംഗത്തുവന്നത്. പ്രതികള്‍ നിരപരാധികളാണെന്നും അവര്‍ നല്ല ഭാവി അര്‍ഹിക്കുന്നുവെന്നുമാണ് തേജ്പാല്‍ സിംഗിന്റെ ഇതിനോടുള്ള പ്രതികരണം.

വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് 2015 സെപ്റ്റംബര്‍ 28-നാണ് സംഘ്പരിവാര്‍ അക്രമികള്‍ അഖ്‌ലാഖിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. അഖ്‌ലാഖിന്റെ മകന്‍ ഡാനിഷും ആക്രമണത്തിനിരയായി. അന്താരാഷ്ട്ര തലത്തില്‍ വരെ ഇത് കടുത്ത വിമര്‍ശങ്ങള്‍ക്കും പ്രതിഷേധത്തിനുമിടയാക്കി. രാജ്യത്ത് ബീഫുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അക്രമങ്ങള്‍ക്കും ഗുണ്ടായിസത്തിനും തുടക്കമിട്ടത് ഈ കൊലപാതകമായിരുന്നു. സംഭവം നടക്കുമ്പോള്‍ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം ഗാഢനിദ്രയിലായിരുന്നുവെന്നും ഹിന്ദുത്വ ആക്രമികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് കൊലയെന്നും ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുവിറച്ചിയല്ല, ആട്ടിറച്ചിയായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച വെറ്ററിനറി ഓഫീസറുടെ പരാമര്‍ശവും മുന്‍കൂട്ടിയുള്ള തയാറെടുപ്പോടെ നടത്തിയ വര്‍ഗീയ ആക്രമണമായിരുന്നു ഇതെന്ന് വ്യക്തമാക്കുന്നു. സംഭവം ഇന്ത്യക്ക് അപമാനമുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കാന്‍ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തമുണ്ടെ ന്നും ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ അവിടുത്തെ മാധ്യമങ്ങോട് സംസാരിക്കവെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചിരുന്നത്. ദാദ്രി സംഭവം ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും വേണമെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇങ്ങനെ എല്ലാവരും തള്ളിപ്പറഞ്ഞ കൊടും ഭീകരരെയാണിപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറും ജനപ്രതിനിധികളും ചേര്‍ന്ന് ജോലി നല്‍കിയും ധനസഹായം നല്‍കിയും ആദരിക്കുകയും പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നത്.

അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുകയാണ് സര്‍ക്കാറിന്റെയും ജനപ്രതിനിധികളുടെയും ബാധ്യത. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. പകരം അസഹിഷ്ണുതയുടെ പേരില്‍ അക്രമിക്കള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കും. സംഘ്പരിവാര്‍ നേതൃത്വം ആഗ്രഹിക്കുന്നതും അതാണ്. ചിക്കുന്‍ഗുനിയ ബാധിച്ചു ജയിലില്‍ നിന്ന് മരിച്ച കേസിലെ മുഖ്യപ്രതി രവിന്‍ സിസോദിയുടെ മൃതദേഹത്തില്‍ സംഘ്പരിവാര്‍ ത്രിവര്‍ണ പതാക പുതപ്പിച്ച് “ആദരിച്ച” നടപടി കാവിഭീകരത എത്രത്തോളം ബീഭത്സമാണെന്ന് വ്യക്തമാക്കുന്നു. ദേശീയ പതാകയെ അവഹേളിച്ച ഈ നടപടി പോലീസും അധികൃതരും നിസ്സംഗരായി നോക്കിനില്‍ക്കുകയാണുണ്ടായത്. നീതിപീഠങ്ങളെയും നിയമ വ്യവസ്ഥയെയും നോക്കുകുത്തിയാക്കി സമാന്തര നിയമ വ്യവസ്ഥ നടപ്പാക്കി കൊണ്ടിരിക്കയാണ് സംഘ്പരിവാറും അവര്‍ നയിക്കുന്ന ഭരണകൂടങ്ങളും. എവിടേക്കാണ് ബി ജെ പി ഭരണത്തില്‍ രാജ്യത്തിന്റെ പോക്ക്?

---- facebook comment plugin here -----

Latest