ബിജെപിയുടെത് കലാപത്തിനുള്ള ആഹ്വാനം; സിപിഎം പ്രവര്‍ത്തകരുടെ രോമത്തില്‍പോലും തൊടാനാകില്ല: കോടിയേരി

Posted on: October 16, 2017 12:34 pm | Last updated: October 16, 2017 at 12:34 pm

തിരുവനന്തപുരം: സി.പി.എമ്മുകാര്‍ കണ്ണുരുട്ടിയാല്‍ ആ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സരോജ് പാണ്ഡയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണ്. കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരുടെ രോമത്തെ പോലും മുറിവേല്‍പ്പിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും പ്രകോപനപരമായ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് എടുക്കണമെന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണുരുട്ടിയാല്‍ എന്ത് സംഭവിക്കുമെന്ന് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടി കൂടിയാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തതെന്നും പാണ്ഡ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ജനരക്ഷായാത്രയ്ക്കിടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് കോടിയേരി നടത്തിയത്. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്നായിരുന്നു പരീക്കറിന്റെ പരാമര്‍ശം. പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മോദി പുറത്താക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.