മധുര വൈവിധ്യങ്ങളുമായി ദീപാവലി മിഠായികള്‍

Posted on: October 16, 2017 12:13 pm | Last updated: October 16, 2017 at 12:13 pm

കോഴിക്കോട്: ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് കൊതിയൂറും മധുരങ്ങളുമായി നാടൊരുങ്ങി. പേരിലും രുചിയിലും സ്വഭാവത്തിലുമെല്ലാം വൈവിധ്യങ്ങളുള്ള മിഠായികള്‍ വര്‍ണക്കടലാസ് കൊണ്ട് അലങ്കരിച്ച പെട്ടികളിലാണ് വില്‍ക്കുന്നത്.

മില്‍ക് സ്വീറ്റ്‌സ്, കൊട്ട സ്വീറ്റ്‌സ്, റിച്ച് കാജു സ്വീറ്റ്‌സ്, ഓര്‍ഡിനറി, ബംഗാളി സ്വീറ്റ്‌സ്, കാജു സ്വീറ്റ്‌സ്, ഷുഗര്‍ലസ് സ്വീറ്റ്‌സ് എന്നീ പേരുകളിലാണ് മിഠായികളുടെ വില്‍പ്പന. ഇതില്‍ ഏറ്റവും ഗുണമേന്മയുള്ള മുന്തിയതരം മിഠായിയാണ് റിച്ച് കാജു. കൊട്ട സ്വീറ്റ്‌സാണ് കൂട്ടത്തില്‍ പുരാതന വിഭവമായി അറിയപ്പെടുന്നത്. ഷുഗറുള്ളവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഷുഗര്‍ലസ് സ്വീറ്റ്‌സ്.

ബാദുഷ, ബദാം ബര്‍ഫി, പിസ്ത ബര്‍ഫി, ഫ്രൂട്ട് ബര്‍ഫി, ഗീപാക്ക്, മില്‍ക്ക് പാക്ക്, തരിപ്പാക്ക്, ആപ്പിള്‍ പേഡ, ബൂന്തി, ഹല്‍വ, ജാഗിരി, ലഡു, റവ ലഡു, മൈസൂര്‍ പാക്ക് തുടങ്ങി 17ഓളം ഇനങ്ങളാണ് മിഠായി പ്പെട്ടികളിലുള്ളത്. ബംഗാളി സ്വീറ്റ്‌സുകള്‍ക്ക് തന്നെയാണ് നഗരങ്ങളില്‍ ഏറെ ആവശ്യക്കാരുള്ളത്. മിക്ക ബേക്കറികളിലും ഉത്തരേന്ത്യയില്‍നിന്ന് പ്രത്യേക ജോലിക്കാരെ എത്തിച്ചാണ് മിഠായി തയ്യാറാക്കുന്നത്.

വിവിധ തരം ലഡു, പേഡകള്‍, ഹല്‍വകള്‍ തുടങ്ങി 50 ഓളം മധുര വിഭവങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ബംഗാളി സ്വീറ്റ്‌സും കേരളത്തിന്റെ തനത് മധുര വിഭവങ്ങളും ഇവിടെനിന്ന് ലഭിക്കും.

നാല് തരത്തിലുള്ള മില്‍ക് പേഡകള്‍, നാല് തരത്തിലുള്ള മില്‍ക് ബര്‍ഫി, ബേക്‌സന്‍ ലഡു, ഗീ ലഡു, ബാദുഷ ബട്ടര്‍, മില്‍ക്ക് ബാദുഷ, ഇപാക്ക്, ഇളനീര്‍- ഡ്രൈ ഫ്രൂട്ട്‌സ് ഹല്‍വകള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. ബംഗാളി സ്വീറ്റ്‌സിന്റെ പാക്കറ്റിന് 320 രൂപയാണ് വില. ഓര്‍ഡിനറി പാക്കറ്റ് 200 രൂപക്കും ലഭിക്കും. 19 വരെ ദീപാവലി മിഠായി സ്റ്റാള്‍ പ്രവര്‍ത്തിക്കും.