Connect with us

Editorial

വേങ്ങരയും ഗുര്‍ദാസ്പൂരും

Published

|

Last Updated

വേങ്ങരയില്‍ അട്ടിമറി ഒന്നും സംഭവിച്ചില്ല. മുസ്‌ലിം ലീഗിലെ കെ എന്‍ എ ഖാദര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 23310 വോട്ടിന്റെ ഭൂരിപക്ഷം. ഒരിടവേളക്ക് ശേഷം കേരള നിയമസഭയിലെ സൗമ്യസാന്നിധ്യമാകാന്‍ ഇനി ഖാദറുമുണ്ടാകും. അപ്പോഴും മാറ്റുകുറഞ്ഞ വിജയമാണിതെന്ന് പറയാതെ വയ്യ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അഞ്ച് മാസം മുമ്പ് നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും ലീഗ് നേടിയ വോട്ടില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. എല്‍ ഡി എഫ് ആകട്ടെ, ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാള്‍ ഉയര്‍ന്ന വോട്ട് നേടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, എസ് ഡി പി ഐക്കും പുറകില്‍ ബി ജെ പി നാലാംസ്ഥാനത്തായെന്നതാണ് വേങ്ങരയുടെ ഹൈലൈറ്റ്. ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് കേരളം തലവെച്ച് കൊടുക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് വേങ്ങര. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലവും ഇതോട് ചേര്‍ത്ത് വായിക്കണം. ഒരു ലക്ഷത്തിലധികം വോട്ടിന് ബി ജെ പി ജയിച്ചിരുന്ന മണ്ഡലത്തില്‍ അതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നു. ഗുര്‍ദാസ്പൂരില്‍ ബി ജെ പിക്കുണ്ടായ ലക്ഷത്തിന് മേല്‍ വോട്ടിന്റെ തോല്‍വിയും വേങ്ങരയിലെ നാലാം സ്ഥാനവും രാജ്യത്തിന്റെ ജനാധിപത്യത്തിനും ബഹുസ്വരതക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ലീഗിന്റെ ഇളകാത്ത കോട്ടയായിരുന്നു വേങ്ങര. എല്ലാകാലത്തും വലിയ ഭൂരിപക്ഷം സമ്മാനിച്ചിരുന്ന പഞ്ചായത്തുകള്‍. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും എം കെ മുനീറും തോറ്റ 2006ലെ തിരഞ്ഞെടുപ്പില്‍ പോലും അന്ന് മലപ്പുറം മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇളകാതെ ലീഗിനൊപ്പം നിന്നു. അവിടേക്കാണ് സി പി എമ്മും എല്‍ ഡി എഫും പതുക്കെയാണെങ്കിലും കടന്നുകയറുന്നത്. ജയിച്ചെന്ന് ആശ്വസിക്കുമ്പോഴും ആഹ്ലാദപ്രകടനത്തിലൂടെ എതിര്‍ചേരിയുടെ നാവടക്കുമ്പോഴും ഈ യാഥാര്‍ഥ്യം കാണാതെ പോകാന്‍ ലീഗിനാകില്ല. കോട്ടകള്‍ക്ക് ഇളക്കം തട്ടുകയാണെന്നും അതിന്റെ കാര്യകാരണങ്ങള്‍ എന്തെന്നും ഇനിയുള്ള കാലം മുസ്‌ലിംലീഗ് വിശകലന വിധേയമാക്കേണ്ടി വരും.
പഞ്ചായത്തുകളിലെല്ലാം ലീഗിന് തന്നെയാണ് ലീഡ്. എന്നാല്‍ ആറ് പഞ്ചായത്തിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട്, ലീഡ് നിലയില്‍ കുറവുണ്ടായി. എസ് ഡി പി ഐ യുടെ കടന്നുവരവും നാലാംസ്ഥാനത്തേക്ക് പോയ ബി ജെ പിയുടെ പ്രകടനവും വിലയിരുത്തി വേണം വേങ്ങര ഫലം വിശകലനം ചെയ്യാന്‍. അടുത്തകാലത്തുണ്ടായ പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇരുമുന്നണികളും കാണിച്ച അലംഭാവം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഹാദിയ കേസ് മുഖ്യചര്‍ച്ചയാക്കിയ എസ് ഡി പി ഐ നടത്തിയ മുന്നേറ്റം. ഹാദിയ കേസ്, റിയാസ് മൗലവി, ഫൈസല്‍ വധം തുടങ്ങി വര്‍ഗീയ ഫാസിസ്റ്റുകള്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ ഇടപെടുന്നതില്‍ ഇരുമുന്നണികളും ഒരുപോലെ കാണിച്ച തണുപ്പന്‍ നിലപാട് തിരുത്തണമെന്നാണ് വേങ്ങര പറയുന്നത്.

അമിത്ഷായും യോഗിആധിത്യനാഥും കേരളത്തില്‍ ഇറങ്ങി ലൗജിഹാദ് – ഭീകരവാദ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് പറഞ്ഞവരോട് മാറി നില്‍ക്കാന്‍ കൂടി പറയുന്നുണ്ട് വേങ്ങര. മുസ്‌ലിം ലീഗിനുണ്ടായ 14,747 വോട്ടിന്റെ ഭൂരിപക്ഷത്തിലെ കുറവും സി പി എം അധികമായി നേടിയ വോട്ടിലും ഈ വസ്തുത കൂടിയുണ്ട്. സംഘ്പരിവാറിനോട് പടനയിക്കാന്‍ ആര്‍ക്ക് കരുത്തുണ്ടെന്നാണ് പ്രബുദ്ധകേരളം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഈ ചോദ്യത്തിന് ആര്‍ക്ക് ഉത്തരമുണ്ടോ അവര്‍ക്കൊപ്പമാകും കേരളം നില്‍ക്കുക.
ഭരണ വിരുദ്ധവികാരമില്ലെന്ന ആശ്വസം കൂടി എല്‍ ഡി എഫിന് നല്‍കുന്നുണ്ട് വേങ്ങര. സര്‍ക്കാറിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങളും ഇടതിന്റെ വോട്ട് വര്‍ധനക്ക് കാരണമായി. കേരളത്തെ അപമാനിക്കുന്ന ബി ജെ പിയുടെ മുദ്രാവാക്യങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ ഫലം. ജനരക്ഷായാത്രയെ വേങ്ങരയിലൂടെ വഴി തിരിച്ച് വിട്ടാണ് കുമ്മനം രംഗം കൊഴുപ്പിച്ചത്. മണ്ഡലത്തിലെ 30,000ലധികം വരുന്ന ഭൂരിപക്ഷ വോട്ടുകളില്‍ പകുതിയെങ്കിലും നേടുകയായിരുന്നു ലക്ഷ്യം. ഇതിനായി വികസനത്തില്‍ വിവേചനമെന്ന വ്യാജപ്രചാരണമാണ് അഴിച്ചുവിട്ടത്. ഫലം വന്നപ്പോള്‍ കഴിഞ്ഞ തവണ നേടിയ വോട്ട് പോലുമില്ല.

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം മതേതര ചേരിക്ക് വലിയ ഊര്‍ജമാണ് നല്‍കുന്നത്. തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസിനും അധ്യക്ഷപദവി ഏറ്റെടുക്കാനിരിക്കുന്ന രാഹുല്‍ ഗാന്ധിക്കും കിട്ടിയ ദീപാവലി സമ്മാനമാണ് ഈ തകര്‍പ്പന്‍ വിജയം. ബി ജെ പി -–അകാലിദള്‍ സഖ്യത്തിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്നിടമാണു ഗുര്‍ദാസ്പുര്‍. ചലച്ചിത്ര താരം കൂടിയായ വിനോദ് ഖന്ന നാലു തവണയാണ് ഇവിടെനിന്ന് ബി ജെ പി ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയത്. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രതാപ് സിങ് ബജ്‌വയെ 1,36,065 വോട്ടുകള്‍ക്കു തോല്‍പ്പിച്ചായിരുന്നു ഖന്നയുടെ വിജയം. ഈ മണ്ഡലമാണ് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സുനില്‍ ഝാക്കറിലൂടെ കോണ്‍ഗ്രസ് വീണ്ടെടുത്തിരിക്കുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഈ ഫലം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

---- facebook comment plugin here -----

Latest