കുമ്മനത്തിന് ഐകൃദാര്‍ഢ്യം: എ കെ ജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: October 14, 2017 11:47 pm | Last updated: October 14, 2017 at 11:47 pm

ന്യൂഡല്‍ഹി: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ബി ജെ പി ഡല്‍ഹി ഘടകം നടത്തിയ എ കെ ജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം.

സി പി എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബി ജെ പി പ്രതിഷേധം. ബാരിക്കേഡുകള്‍ തള്ളി മാറ്റിയ ബി ജെ പി പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ബാരിക്കേഡിന് മുകളില്‍ കയറി ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എ കെ ജി ഭവന് 300 മീറ്റര്‍ അകലെ പോലീസും സി ആര്‍ പി എഫും മാര്‍ച്ച് തടഞ്ഞു. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തെങ്കിലും എ കെ ജി ഭവനിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്തില്ല. കുമ്മനത്തിന്റെ ജനരക്ഷാ യാത്ര അവസാനിക്കുന്ന ചൊവ്വാഴ്ച്ച വരെ ബി ജെ പിയുടെ എ കെ ജി ഭവന്‍ മാര്‍ച്ച് തുടരും.