ടിപി വധം: അന്വേഷണം നടന്നത് ഫലപ്രദമായിട്ടുതന്നെ: രമേശ് ചെന്നിത്തല

Posted on: October 14, 2017 8:19 pm | Last updated: October 14, 2017 at 8:59 pm

തിരുവനന്തപുരം :ടി പി വധക്കേസിന്റെ അന്വേഷണം കാര്യക്ഷമമായി തന്നെയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിപി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന വിടി ബലറാമിന്റെ വിമര്‍ശനത്തിനാണ് ചെന്നിത്തല മറുപടി നല്‍കിയത്. ബല്‍റാമിന്റെ ആരോപണത്തെ കുറിച്ച് ബല്‍റാമിനോട് തന്നെ ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ടിപി കേസ് ഫലപ്രദമായി അന്വേഷിക്കാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിലെ ആരോപണങ്ങളെ കണ്ടാല്‍ മതിയെന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

സോളാര്‍ കേസിന്റ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെ ആരോപണവുമായി ബല്‍റാം രംഗത്തെത്തുകയായിരുന്നു. അതേസമയം, കേസില്‍ ഒത്തുതീര്‍പ്പ് നടത്തിയെന്ന ആരോപണം ഉന്നയിച്ചവരോട് തന്നെ വിശദാംശങ്ങള്‍ ചോദിക്കുകയാണ് വേണ്ടതെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും പ്രതികരിച്ചു.