Connect with us

National

വ്യാജ ഏറ്റുമുട്ടല്‍ കൊല: ഇരയുടെ മാതാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

Published

|

Last Updated

ഇംഫാല്‍: മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാവോബ നംഗ്ബാമിന്റെ മാതാവിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ഇംഫാല്‍ വെസ്റ്റിലെ ഉറിപോകില്‍ 2009 മെയ് ആറിനാണ് നാവോബ നംഗ്ബാം കൊല്ലപ്പെട്ടത്. മണിപ്പൂര്‍ പോലീസ് കമാന്‍ഡോകളാണ് നാവോബ നംഗ്ബാമിന്റെ കൊലപാതകത്തിന് ഉത്തരവാദികള്‍. അതിനാല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി അറിയിച്ചു.
രാത്രിയില്‍ വീട്ടിലെത്തിയ പോലീസ് നാവോബ നംഗ്ബാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിന്നീട് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കളെ അറിയിച്ചു. സായുധകലാപം നടത്തുന്ന സംഘടനയിലെ അംഗമാണെന്നാരോപിച്ചാണ് നാവോബയെ പോലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം നാവോബയുടെ മാതാവ് കമാലിനി നംഗ്ബാം 2010 മാര്‍ച്ചില്‍ ഹൈക്കോടയില്‍ പരാതി നല്‍കി. കിഴക്കന്‍ ഇംഫാലിലെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നാവോബിനെ പോലീസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ജുഡീഷല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാവോബയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. മണിപ്പൂരിലെ 1,528 വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Latest