നജീബ് തിരോധാനത്തിന് ഒരു വര്‍ഷം; ഉത്തരം മുട്ടി അന്വേഷണ സംഘം

Posted on: October 14, 2017 9:02 am | Last updated: October 14, 2017 at 11:10 am

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ വിട്ട മകനെവിടെ എന്ന ചോദ്യവുമായി ഒരു മാതാവ് ഇപ്പോഴും സമരമുഖത്താണ്. ജെ എന്‍ യു സര്‍വകലാശാലയില്‍ നിന്നും എ ബി വി പി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് പിന്നാലെ കണാതായ നജീബ് അഹ്മദിന്റെ തിരോധാനത്തിന് ഒരു വര്‍ഷം തിയുമ്പോഴും നജീബെവിടെയന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് എ ബി വി പി പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും നജീബ് അഹ്മദിനെ കണാതായത്. വിഷയത്തില്‍ നജീബിന്റെ ഉമ്മ ഫാത്വിമ നഫീസയെ മുന്നില്‍ നിര്‍ത്തി ജെ എന്‍ യു വിദ്യാര്‍ഥികള്‍ രാജ്യവ്യാപക വിദ്യാര്‍ഥി പ്രക്ഷോഭം നടത്തിയെങ്കിലും അന്വേഷണ ഏജന്‍സികളെ മാറ്റുകയല്ലാതെ കേസില്‍ മാറ്റങ്ങളൊന്നുമുണ്ടായില്ല. ഡല്‍ഹി പോലീസ് അന്വേഷിച്ചിരുന്ന തിരോധാനക്കേസ് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇടപെട്ട് ഡല്‍ഹി പോലീസ് പ്രത്യേക വിഭാഗത്തെ രൂപവത്കരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടര്‍ന്ന് മാതാവ് ഫാത്വിമ നഫീസ കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതി കേസ് സി ബി ഐക്ക് വിട്ടെങ്കിലും സി ബി ഐയുടെ അന്വേഷണവും കാര്യക്ഷമമല്ലെന്ന ആരോപണമാണ് ഉയരുന്നത്.

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മാതാവ് ഫാത്വിമ നഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ സി ബി ഐ ആസ്ഥാനത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഹൈക്കോടതിയില്‍ സി ബി ഐ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു. ഇന്നലെ ഉച്ചക്ക് തുടങ്ങിയ സമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സര്‍വകലാശാലകളില്‍ നിന്നടക്കം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സി ബി ഐ ആസ്ഥാനത്തിന് മുന്നിലെത്തി. മെയ് 16ന് സി ബി ഐ കേസ് ഏറ്റെടുത്തിട്ടും ഇതുവരെ ഒന്നും ചെയ്തില്ല. മുന്‍ അന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ട് അതുപോലെ കോടതിയില്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ജെ എന്‍യു വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കേസില്‍ ഇത് വരെ മൂന്ന് അന്വേണ ഏജന്‍സികളാണ് അന്വേഷിച്ചത്. എന്നാല്‍, മകനെ കണ്ടെത്തുകയോ മര്‍ദിച്ച എ ബി വി പിക്കാരെ ചോദ്യം ചെയ്യാനോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മാതാവ് പറഞ്ഞു. മകന് നീതി ലഭിക്കും വരെ പോരാടും. മുതിര്‍ന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ വന്ന് കേസ് അന്വേഷണം ശരിയായ ദിശയിലാണ് എന്ന് ഉറപ്പ് തന്നാലെ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു.
കേസന്വേഷിക്കാന്‍ സി ബി ഐക്കാകുന്നില്ലെങ്കില്‍ പറ്റില്ലെന്ന് തുറന്നു പറയണം. അപ്പോള്‍ മറ്റുമാര്‍ഗങ്ങള്‍ തേടുമെന്ന് ജെ എന്‍ യു വിദ്യാര്‍ഥികള്‍ സി ബി ഐക്ക് മുന്നറിയിപ്പ് നല്‍കി.
വിഷയത്തില്‍ ജെ എന്‍ യു വിദ്യാര്‍ഥികള്‍ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണെന്ന് ജെ എന്‍ യു യുനിയന്‍ മുന്‍ ചെയര്‍മാന്‍ മോഹിത് പാണ്ഡെ പറഞ്ഞു. ഈ മാസം 16ന് നജീബിന്റെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.