മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഓട്ടിസം പാര്‍ക്കുകള്‍ സ്ഥാപിക്കും: മന്ത്രി

Posted on: October 14, 2017 6:41 am | Last updated: October 13, 2017 at 11:44 pm

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും മൂന്ന് വര്‍ഷത്തിനകം ഓട്ടിസം പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാലനത്തിനും പരിശീലനത്തിനുമായി ഇവിടങ്ങളില്‍ വിദഗ്ധരായ പ്രൊഫഷനലുകളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കലാഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനായി കോഴിക്കോട് സര്‍വശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന ‘സര്‍ഗം’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 36 ഓട്ടിസം സെന്ററുകളിലും പരിശീലനം സിദ്ധിച്ച പ്രൊഫഷനലുകളെ നിയമിക്കും. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മനസിലുദിക്കുന്ന ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ടാലന്റ് ലാബുകള്‍ തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ലളിതകലാ- സാഹിത്യ- സംഗീത- നാടക അക്കാദമികളുടെ സഹകരണത്തോടെയാണ് എസ് എസ് എ ‘സര്‍ഗം’ പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പില്‍ എം കെ മുനീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ എം ജയകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ കെ അബ്ദുല്‍ ഹക്കീം, വി വസീഫ് പ്രസംഗിച്ചു.