മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രധാന പ്രതി പിടിയില്‍

Posted on: October 13, 2017 9:55 am | Last updated: October 13, 2017 at 9:55 am

ചെങ്ങന്നൂര്‍: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. പത്തനംതിട്ട നന്നുവക്കാട് ചരിവുകാലായില്‍ സ്റ്റാന്‍ലി സൈമണി (39)നെയാണ് ഇന്നലെ വെണ്മണി പോലീസ് പിടികൂടിയത്. എറണാകുളം ഇടപ്പള്ളി ചേരാനല്ലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതി സ്റ്റാന്‍ലി സൈമണ്‍ എറണാകുളത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ സി ഐ. എം ദിലീപ്ഖാന്റെ നേതൃത്വത്തില്‍ വെണ്‍മണി എസ് ഐ. ബി അനീഷ്, എ എസ് ഐ. കെ വിജയന്‍, സി പി ഒ. ഹരികുമാര്‍ എന്നിവരടങ്ങിയ സംഘം ചേരാനല്ലൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി ആലപ്പുഴ ആല്‍ഫിന്‍ ജോര്‍ജ്, എറണാകുളം സ്വദേശി രാജേഷ് എന്നിവര്‍ ഒളിവിലാണ്. ഇവരുടെ പ്രധാന ഏജന്റ് ചെങ്ങന്നൂര്‍ വെണ്‍മണി ഏറം നടുവത്തും മുറിയില്‍ രാജേഷ് രാജന്‍ ആചാരി (34)യെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആറിന് വെണ്മണി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

ഒന്നാം പ്രതി സ്റ്റാലിന്‍ സൈമണാണ് തട്ടിപ്പിന്റെ കേരളത്തിലെ പ്രധാന കണ്ണി. വിസ വാഗ്ദാനം നല്‍കി സംസ്ഥാനത്തൊട്ടാകെ ഒന്നരക്കോടി രൂപയോളം തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നു.
വയനാട്, പത്തനംതിട്ട, ഏറ്റുമാനൂര്‍, കോട്ടയം എന്നീ സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പു കേസുകള്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 2014 ല്‍ സ്റ്റാലിന്‍ സൈമണ്‍ എറണാകുളം കേന്ദ്രമാക്കി ‘റേ ഫോര്‍ഡ് ഇന്റര്‍നാഷനല്‍ ‘ എന്ന സ്ഥാപനം നടത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. 2015ല്‍ സമാനരീതിയില്‍ തട്ടിപ്പിനും വിശ്വാസവഞ്ചന കാട്ടിയതിനും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വെണ്‍മണി അടക്കമുള്ള പ്രദേശങ്ങളില്‍ തട്ടിപ്പിനിരയായവര്‍ പരാതിയുമായെത്തിയപ്പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോടതി ജാമ്യം നിഷേധിക്കുകയും കീഴടങ്ങാന്‍ പറയുകയും ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് നാലിന് പത്തനംതിട്ട സി ഐ മുമ്പാകെ കീഴടങ്ങി ജാമ്യമെടുത്ത് ഒളിവില്‍പ്പോകുകയായിരുന്നു.