കൊറിയന്‍ മതില്‍ തകര്‍ക്കാന്‍ സ്പാനിഷ് നിര; തിരിച്ചുവരാന്‍ ജര്‍മനി

Posted on: October 13, 2017 9:41 am | Last updated: October 13, 2017 at 9:41 am

കൊച്ചി: അണ്ടര്‍- 17 ലോകകപ്പില്‍ ഡി ഗ്രൂപ്പില്‍ ഇന്ന് കൊച്ചിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ഉത്തര കൊറിയയുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് സിയില്‍ നിന്നുള്ള ജര്‍മനിയും ഗിനിയയും ഏറ്റുമുട്ടും. ബ്രസീലും സ് പെയിനും അണിനിരക്കുന്ന ഗ്രൂപ്പില്‍ താരതമ്യേന ദുര്‍ബലരായ നൈജറിനോടു തോറ്റു തുടങ്ങിയ ഉത്തര കൊറിയയുടെ ലോകകപ്പ് പ്രതീക്ഷകളൊക്കെ അവസാനിച്ചിട്ടുണ്ട്. ഒരു ജയം നേടി തലയുയര്‍ത്തി മടങ്ങണമെന്ന ലക്ഷ്യം മാത്രമാണ് യുന്‍ മിന്നിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഏഷ്യന്‍ ശക്തികള്‍ക്കുള്ളത്.
അതേസമയം, ആദ്യ കളി തോറ്റ സ്‌പെയിനിന് ഈ മത്സരത്തിലെ ഫലം നിര്‍ണായകമാണ്. ഓരോ മത്സരം ജയിച്ച നൈജറിനും സ്‌പെയിനിനും തുല്യ പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയില്‍ മുന്നിലാണെങ്കിലും തോല്‍വിയോ സമനിലയോ പിണയുകയാണങ്കില്‍ ബ്രസീല്‍- നൈജര്‍ പോരാട്ടത്തിന്റെ ഫലമനുസരിച്ചായിരിക്കും സ്‌പെയിനിന്റെ മുന്നോട്ടുള്ള യാത്ര.

അതേസമയം, ഇറാനോടേറ്റ വമ്പന്‍ തോല്‍വി ജര്‍മനിക്കും തിരിച്ചടിയായിട്ടുണ്ട്. കൊച്ചിയില്‍ വിജയത്തോടെ പുത്തന്‍ ഉണര്‍വാണ് ജര്‍മനി ലക്ഷ്യമിടുന്നത്. ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന ഗിനിയയാണ് എതിരാളികള്‍. ഓരോ തോല്‍വിയും സമനിലയുമായി എത്തുന്ന ഗിനിയക്കും പ്രീക്വാര്‍ട്ടര്‍ സ്വപ്നം നിലനില്‍ക്കുന്നതിനാല്‍ ആവേശകരമായ പോരാട്ടമാണ് കൊച്ചിയില്‍ കാത്തിരിക്കുന്നത്.