Connect with us

Gulf

വന്യജീവികളുടെ ഭാഗം കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ കൊണ്ടുവരാന്‍ മുന്‍കൂര്‍ അനുമതി വേണം

Published

|

Last Updated

ദോഹ: വന്യജീവികളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച സമ്മാനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന് അധികൃതര്‍. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍, പക്ഷികള്‍, മരങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്ന നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായാണിത്. ഇവ കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമായി അന്വേഷണം നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

മന്ത്രാലയത്തിലെ സൈറ്റ്‌സ് (ദി കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ ട്രേഡ് ഇന്‍ എന്‍ഡേഞ്ചേഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫോന ആന്‍ഡ് ഫ്‌ളോറ) ഓഫീസുമായാണ് അന്വേഷണത്തിന് ബന്ധപ്പെടേണ്ടത്. വിദേശത്ത് നിന്ന് അത്തരം വസ്തുക്കള്‍ വാങ്ങുന്നതിന് മുമ്പായി രാജ്യത്തേക്ക് കൊണ്ടുവരാന്‍ പറ്റുന്നതാണോയെന്ന് ഉറപ്പുവരുത്തണം. മാത്രമല്ല, ഇതിനായി പ്രത്യേകം അനുമതിയും വാങ്ങണം. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെയും മരങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ് സൈറ്റ്‌സ്. കണ്‍വെന്‍ഷന്‍ 1973ഉം സൈറ്റ്‌സ് 1975ലുമാണ് പ്രാബല്യത്തില്‍ വന്നത്.

വംശനാശ ഭീഷണിയിലുള്ള മൃഗങ്ങളെയും പക്ഷികളെയും മരങ്ങളെയും സംരക്ഷിക്കുന്നതിന് മന്ത്രാലയം വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വിവിധ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്തെ വിവിധ ഫാമുകളിലും പക്ഷികേന്ദ്രങ്ങളിലും ഹബാര ബുസ്റ്റാര്‍ഡ് എന്ന വംശനാശ ഭീഷണിയിലുള്ള പക്ഷിയുടെ പ്രത്യുത്പാദനം വന്‍തോതില്‍ നടക്കുന്നുണ്ട്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വിദേശത്തും മന്ത്രാലയം ഫാമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഖത്വര്‍, ഇറാന്‍, മൊറോക്കോ, ചൈന എന്നിവിടങ്ങളിലെ ഫാമുകളിലായി വര്‍ഷം 1300- 1600 ഹബാര പക്ഷികളാണ് ജനിക്കുന്നതെന്ന് മന്ത്രാലയത്തിലെ ഹബാര ബ്രീഡിംഗ് ഫാം ഇന്‍ ചാര്‍ജ് മുഹമ്മദ് അല്‍ മന്‍സൂരി ദി പെനിന്‍സുലയോട് പറഞ്ഞു. വളര്‍ച്ച പ്രാപിച്ചാല്‍ ഇവയെ പുല്‍പ്രദേശങ്ങളില്‍ തുറന്നുവിടും. ഏഷ്യന്‍, ആഫ്രിക്കന്‍ ഹബാര പക്ഷികളെയാണ് വളര്‍ത്തുന്നത്.