സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉത്തരവാദി; വിജിലന്‍സ് കേസെടുക്കും

Posted on: October 11, 2017 10:30 am | Last updated: October 11, 2017 at 8:25 pm

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ജനങ്ങളെ കബിളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളര്‍ കേസില്‍ ഉത്തരവാദികളാണ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തമ്പാനൂര്‍ രവി, ബെന്നി ബഹ്‌നാന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാമെന്നും സര്‍ക്കാറിന് നിയമോപദേശം ലഭിച്ചു.

പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും തട്ടിപ്പിന് സഹായിച്ചെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശരിയായ അന്വേഷണം നടത്താത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിത എസ് നായരെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഈ മാസം മൂന്നിന് അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശം ചൊവ്വാഴ്ച ലഭിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഇരുവരും പ്രത്യേകം നിയമോപദേശം നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടിനകത്തുള്ള പരാമര്‍ശങ്ങളെപ്പറ്റിയുമുള്ള നിയമോപദേശമാണ് നല്‍കിയിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ഇവ നിയമസഭയില്‍ സമര്‍പ്പിക്കും.