ഗുജറാത്തും മഹാരാഷ്ട്രയും ഇന്ധന വില കുറച്ചു

Posted on: October 11, 2017 12:10 am | Last updated: October 10, 2017 at 11:48 pm

അഹമ്മദാബാദ്/മുംബൈ: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ആഹ്വാനത്തിന് പിന്നാലെ ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാറുകള്‍ ഇന്ധന വിലക്ക് മേലുള്ള വാറ്റ് നികുതി ഒഴിവാക്കി. ബി ജെ പിയാണ് രണ്ട് സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത്. വാറ്റ് കുറച്ചതോടെ ഗുജറാത്തില്‍ ഇന്ധനവിലയില്‍ (പെട്രോളിനും ഡീസലിനും) നാല് ശതമാനത്തിന്റെ കുറവുണ്ടാകും. അതേസമയം, മഹാരാഷ്ട്രയില്‍ പെട്രോളിന് രണ്ട് ശതമാനവും ഡീസലിന് ഒരു ശതമാനവും വില കുറയും. വില മാറ്റം അര്‍ധരാത്രിയോടെ ഈ സംസ്ഥാനങ്ങളില്‍ നിലവില്‍ വരും.

ഇന്ധന വില അനിയന്ത്രിതമായി ഉയരുന്നതിനിടെ, ഇത് പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി വെട്ടിച്ചുരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് ഇത്ര ദിവസമായിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ വന്നപ്പോഴാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. കേന്ദ്ര നിര്‍ദേശം മാനിച്ച്, പെട്രോളിനും ഡീസലിനും ചുമത്തുന്ന വാറ്റ് നികുതി നാല് ശതമാനം കുറക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പെട്രോളിന് 2.93 രൂപയുടെയും ഡീസലിന് 2.72 രൂപയുടെയും കുറവുണ്ടാകും. പെട്രോളിന് 66.53 രൂപയും ഡീസലിന് 60.77 രൂപയുമാകും പരിഷ്‌കരിച്ച വില. ഈ തീരുമാനം സര്‍ക്കാറിന് പ്രതിവര്‍ഷം 2,316 കോടിയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നും വിജയ് രൂപാനി വ്യക്തമാക്കി.

ഗുജറാത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും നികുതി വെട്ടിച്ചുരുക്കലുമായി രംഗത്തെത്തി. നിലവില്‍ 26 ശതമാനം വാറ്റ് നികുതിയാണ് മഹാരാഷ്ട്ര ഇന്ധനത്തിന് മേല്‍ ചുമത്തുന്നത്. ഇത് 24 ശതമാനമാക്കി ചുരുക്കുന്നു എന്നായിരുന്നു ഫട്‌നാവിസിന്റെ പ്രഖ്യാപനം. പുതുക്കിയ വില പ്രകാരം പെട്രോളിന് 75.58 രൂപയും ഡീസലിന് 59.55 രൂപയും നല്‍കിയാല്‍ മതി. പ്രതിവര്‍ഷം 2,600 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഈ നടപടി സര്‍ക്കാറിന് ഉണ്ടാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ധന വിലക്കയറ്റത്തില്‍ ജനരോഷം രൂക്ഷമാകുന്നതിനിടെ, ഈ മാസം ആദ്യം ഇന്ധനത്തിന് മേലുള്ള എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ശതമാനം കുറച്ചിരുന്നു.