നടക്കാവ് റെയില്‍വേമേല്‍പ്പാലം ഭൂമിയേറ്റെടുക്കലില്‍ സ്ഥലമുടമകള്‍ക്ക് ആശങ്ക വേണ്ട: വി എസ് അച്യുതാനന്ദന്‍

Posted on: October 9, 2017 9:38 pm | Last updated: October 9, 2017 at 9:38 pm

പാലക്കാട്: മലമ്പുഴ നിയോജകമണ്ഡലത്തിലെ അകത്തേത്തറ,നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം എം എല്‍ എംയുംഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നടത്തി.
നിര്‍മാണത്തോടനുബന്ധിച്ച് സ്ഥലം വിട്ടു നല്‍കുന്നവരുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുമെന്നും സ്ഥലമുടമകള്‍ ആശങ്ക കൈവിട്ട് സഹകരിക്കണമെന്നും വി എസ് അച്യുതാന്ദന്‍ എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ഭൂമിയേറ്റെടുക്കലിനു ശേഷം 18 മാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന നിര്‍വഹണ ചുമതലയുളള റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ( ആര്‍ ബി ഡി സി) ഉറപ്പ് പാലിക്കപ്പെടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

റെയില്‍വെ മേല്‍പ്പാല നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തെ ജനകീയ പ്രസ്ഥാനങ്ങള്‍് വലിയ പങ്ക് വഹിച്ചതായും തുടര്‍ന്നും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ക്ക് മാത്രമല്ല പ്രദേശത്തൂടെ കടന്നു പോകുന്നവര്‍ക്ക് കൂടി ആശ്വാസകരമാണ് മേല്‍പ്പാലം. പ്രദേശവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനായി നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. മേല്‍പ്പാലമെന്നത് എല്ലാ വിഭാഗങ്ങളുടേയും ആവശ്യമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും ഇതിനായി ശ്രമം നടത്തിയെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം ചര്‍ച്ചയില്‍ വന്നതിനെ തുടര്‍ന്ന് നിയമസഭയില്‍ മൂന്ന് സബ്മിഷനുകള്‍ നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു.എം ബി രാജേഷ് എം പി വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മേല്‍പ്പാലമെന്ന ആവശ്യത്തില്‍ സംസ്ഥാന റവന്യു, പൊതുമരാമത്ത് , ധനവകുപ്പിന്റെ കൂടി സഹായ സഹകരണങ്ങള്‍ ലഭ്യമാവുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നടക്കാവ് റെയില്‍വെ ഗേറ്റിനടുത്ത് വില്ലേജ് ഓഫീസിന് മുന്‍വശം സജ്ജമാക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ എം ബി രാജേഷ് എം പി അധ്യക്ഷത വഹിച്ചു. ആര്‍ ബി ഡി സി കെ ജനറല്‍ മാനേജര്‍ ജെ രവീന്ദ്രന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സദാശിവന്‍, പാലക്കാട്, മലമ്പുഴ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജന്‍, ബിന്ദു സുരേഷ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാകലക്ടര്‍ ഡോ. പി സുരേഷ് ബാബു, ഡെപ്യൂട്ടി കലക്ടര്‍ എല്‍ എ എം അബ്ദുള്‍ സലാം പങ്കെടുത്തു.