Connect with us

Gulf

തൊഴിലാളികള്‍ക്ക് പണമയക്കുന്നതിന് ആപ്പുമായി എസ് സി

Published

|

Last Updated

ദോഹ: തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് എളുപ്പത്തില്‍ പണമയക്കുന്നതിന് കൊമേഴ്‌സ്യല്‍ ബേങ്ക് ഖത്വറു (സി ബി ക്യു)മായി ചേര്‍ന്ന് പുതിയ സംവിധാനമൊരുക്കി 2022 ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി). സുഗമമായും സുരക്ഷിതമായും പണമയക്കുന്നതിന് സി ബി ക്യുവിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിനാണ് സംവിധാനമൊരുക്കിയത്. ആപ്പ് ഉപയോഗിച്ചാല്‍ ആകര്‍ഷകമായ വിനിമയ നിരക്ക് ലഭിക്കും.
തൊഴിലിടങ്ങളില്‍ നിന്ന് ധനവിനിമയ സ്ഥാപനങ്ങളിലെത്തി പണമയക്കുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ തൊഴിലാളികള്‍ക്ക് നഷ്ടപ്പെടും.

പ്രതിവാര ഒഴിവുദിനത്തില്‍ നിന്നാണ് ഈ സമയം അപഹരിക്കപ്പെടുന്നത്. ലോകകപ്പ് പദ്ധതികളുടെ ഭാഗമായ തൊഴിലാളികളുടെ സമയവും ധനവും ഒരുപോലെ സംരക്ഷിക്കുന്നതാണ് പുതിയ സംവിധാനമെന്ന് എസ് സിയുടെ ഉപദേശക യൂനിറ്റ്, പ്രത്യേക പദ്ധതികള്‍ എന്നിവയുടെ മേധാവി ഖാലിദ് അല്‍ കുബൈസി പറഞ്ഞു.
പുതിയ സംവിധാനത്തെ സംബന്ധിച്ച് തൊഴിലാളികള്‍ക്ക് പരിശീലന ക്ലാസ് നല്‍കുന്നുണ്ട്. വളരെ വേഗം തന്നെ ഇത് നടപ്പിലാക്കും. സി ബി ക്യുവില്‍ എസ് സിയുടെ എണ്ണായിരം തൊഴിലാളികള്‍ക്ക് അക്കൗണ്ടുണ്ട്.

ഓരോ മാസവും ഇവര്‍ ഏകദേശം 16 മില്യന്‍ ഖത്വര്‍ റിയാല്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. മികച്ച വിനിമയ നിരക്കിന് പുറമെ വെറും അഞ്ച് റിയാലാണ് ഇടപാട് നിരക്കായി ഈടാക്കുന്നത്. ബാലന്‍സ്, സ്റ്റേറ്റ്‌മെന്റ്, പിന്‍ നമ്പര്‍ മാറ്റുക, നഷ്ടപ്പെട്ട കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ആപ്പ് നല്‍കുന്നു.

 

Latest