Connect with us

Gulf

ജൈറ്റക്‌സ് സാങ്കേതികവാരത്തിന് ഉജ്വല തുടക്കം

Published

|

Last Updated

ദുബൈ: ജൈറ്റക്‌സ് സാങ്കേതികവാരത്തിന് ദുബൈയില്‍ ഉജ്വല തുടക്കം. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രദര്‍ശനമായ ജൈറ്റക്‌സിന്റെ 37ാമത് എഡിഷനാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്നലെ ദുബൈ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ മുന്‍നിര കമ്പനികളടക്കം 70 രാജ്യങ്ങളില്‍ നിന്നുള്ള 4,100 ലധികം പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനവും അനുബന്ധ പരിപാടികളും വെള്ളിയാഴ്ച വരെ നീളും.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രദര്‍ശനം വീക്ഷിക്കാനെത്തിയിരുന്നു. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ലോകത്തിലെ മുന്‍നിര ടെക്‌നോളജി കമ്പനികള്‍ വികസിപ്പിച്ച ഏറ്റവും പുതിയ ടെക് ഉത്പന്നങ്ങളെ സാങ്കേതിക വിദ്യയും പ്രദര്‍ശനത്തിനുണ്ട്. ആനിമെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, വിര്‍ച്ച്വല്‍ കറന്‍സി, ഡിജിറ്റല്‍ പേയ്‌മെന്റ്‌സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, സോഫ്റ്റ്‌വെയര്‍ ബാറ്റ്‌സ്, സ്മാര്‍ട് ഹോം സൊല്യൂഷന്‍സ് എന്നീ ശ്രേണികളില്‍ ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങള്‍ ഇത്തവണത്തെ ജൈറ്റക്‌സിനെ മികവുറ്റതാക്കുന്നു. ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
യു എ ഇയിലെ വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റുകള്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ നല്‍കാന്‍ പോകുന്ന വിവിധ ഇലക്ട്രോണിക് സേവനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഐ ടി സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് യുവ സംരംഭകര്‍, പ്രമുഖ ചിന്തകര്‍, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക് ആശയവിനിമയം നടത്താനുള്ള അവസരം ഒരുക്കുകയാണ് ജൈറ്റക്‌സ്. പങ്കാളിത്തത്തിലൂടെ ഈ രംഗത്തെ വെല്ലുവിളികളെ കൈകാര്യം ചെയ്യാനും പ്രാപ്തമാക്കുകയാണു അധികൃതര്‍ ലക്ഷ്യമാക്കുന്നത്.

ശ്രദ്ധേയമായ പവലിയനുകള്‍: സ്മാര്‍ട് ദുബൈ വിപുലമായ പവലിയന്‍ ഒരുക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും സ്വകാര്യമേഖലയുടേയും ഭാവി യാത്രയില്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന നിരവധി സ്മാര്‍ട് പ്രദര്‍ശനങ്ങള്‍ പവലിയനിലുണ്ട്.
ഇത്തിസലാത്ത് ഏറ്റവും നൂതനമായ അഞ്ചാം തലമുറ നെറ്റ്‌വര്‍ക് ഇന്നലെ ജൈറ്റക്‌സില്‍ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വേഗമേറിയ 5 ജി സേവനമാണിത്. 2020 ഓടെ യു എ ഇയില്‍ 5 ജി വിന്യാസത്തിലേക്ക് എത്തിക്കുകയാണ് ഇത്തിസലാത്തിന്റെ ലക്ഷ്യം. 70 ജിബി.പി.എസ്. ബാന്‍ഡ്‌വിഡ്ത്തിലുള്ള സേവനമാണിതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക.
സ്മാര്‍ട് ജീവിത രീതി വ്യാപകമാക്കുന്നതിന് നൂതന പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ) പവലിയനും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ദുബൈ ഡ്രൈവ് എന്ന പേരില്‍ സ്മാര്‍ട് ആപ്ലിക്കേഷന്‍ പുറത്തിറക്കി. ആര്‍ ടി എ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് സന്തോഷകരമായും ആയാസത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്.
ഒരു തവണ സൈന്‍ അപ് ചെയ്താല്‍ എല്ലാ ആര്‍ ടി എ അപ്ലിക്കേഷനുകളും ദുബൈ സ്മാര്‍ട് ഗവണ്‍മെന്റ് ആപ്ലിക്കേഷനുകളും ഉപയോക്താവിനു ലഭ്യമാവും. ആര്‍ ടി എ യുടെ പതിവായി ഉപയോഗിക്കുന്ന എല്ലാ സേവനങ്ങളും കോണ്‍ഫിഗര്‍ ചെയ്ത്‌വെക്കാന്‍ പറ്റുന്ന ഈ ആപിലൂടെ സേവനത്തിനായി പണമടയ്ക്കുന്ന ഗവണ്‍മെന്റ് പേയ്‌മെന്റുകള്‍ ഉപയോഗിക്കാനാവും. “ഡ്രൈവിംഗ് ലൈസന്‍സ്, വാഹനം രജിസ്‌ട്രേഷന്‍, നമ്പര്‍ പ്ലേറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിറ്റ് മുതലായ ഉപയോക്താവിന്റെ രേഖകള്‍ സേവ് ചെയ്ത് വെക്കാന്‍ പറ്റും. കസ്റ്റമര്‍ കെയറുമായി തല്‍ക്ഷണ ചാറ്റ് നടത്തുന്നതിനും പാര്‍കിങ് ഫീസ്, സാലിക്ക് ടോപ്പ് അപ്പുകള്‍ എന്നിവക്ക് സാധിക്കും. ഇതിലൂടെയുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കള്‍ക്ക് പച്ച പോയിന്റുകള്‍ നേടാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി ബ്ലോക്ക്‌ചെയിന്‍ എന്ന പേരില്‍ സാങ്കേതിക ഡിജിറ്റല്‍ സേവനങ്ങള്‍ വേഗത്തിലും സുഗമമായും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സംരംഭവുമായി പ്രദര്‍ശനത്തിനുണ്ട്. ദുബൈ പോലീസ് പുതിയ സ്മാര്‍ട്, ഡിജിറ്റല്‍ സേവനങ്ങളും റോബോട്ടിക് സേവനങ്ങളും വിശദീകരിക്കുന്ന പവലിയനൊരുക്കിയിട്ടുണ്ട്.