Connect with us

International

കാറ്റലോണിയന്‍ പ്രതിസന്ധി രൂക്ഷം

Published

|

Last Updated

മാഡ്രിഡ്: ഹിത പരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെ കാറ്റലോണിയന്‍ മേഖലയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. കാറ്റലന്‍ അധികൃതരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സ്പാനിഷ് അധികൃതരും ഹിതപരിശോധന അനുസരിച്ച് സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുമെന്ന് കാറ്റലോണിയയും ആവര്‍ത്തിക്കുമ്പോള്‍ സ്‌പെയിനിന്റെ രാഷ്ട്രീയ, സാമ്പത്തിക മേഖലകള്‍ കനത്ത പ്രതിസന്ധിയിലായി. കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിക്കില്ലെന്നും അത് നടപ്പിലാകാന്‍ പോകുന്നില്ലെന്നും സ്പാനിഷ് പ്രധാനമന്ത്രി മറൈനോ റജോയ് മുന്നറിയിപ്പ് നല്‍കി. മേഖലയുടെ സ്വയംഭരണാവകാശം നീക്കം ചെയ്യില്ലെന്നും അ്‌ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്തും നയതന്ത്രപരമായ നീക്കമാണ് കാറ്റലന്‍ വിഷയത്തില്‍ സ്‌പെയിന്‍ നടത്തുന്നത്.

പ്രശ്‌നം പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതിയെയും സര്‍ക്കാറിനെയും വെല്ലുവിളിച്ച് നടത്തിയ ഹിതപരിശോധന അംഗീകരിക്കില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍, ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ഹിതം അംഗീകരിക്കാതിരിക്കാനാകില്ലെന്നാണ് കാറ്റലന്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനിടെ, കാറ്റലോണിയന്‍ അധികൃതരുടെ നടപടിക്കെതിരെ മാഡ്രിഡിലും സ്‌പെയിനിനെതിരെ ബാഴ്‌സലോണയിലും ജനകീയ പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സ്‌പെയിനിന്റെ അഖണ്ഡത നശിക്കാനും ജനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങാനും പുതിയ സംഭവവികാസങ്ങള്‍ കാരണമായിട്ടുണ്ട്. കാറ്റലന്‍ സ്വാതന്ത്ര്യം ഇരുവിഭാഗത്തിന്റെയും അഭിമാന പ്രശ്‌നമായിരിക്കുകയാണ്.

വോട്ടെടുപ്പ് തടയാന്‍ സ്പാനിഷ് പോലീസ് വ്യാപകമായി ശ്രമിച്ചിട്ടും 43 ശതമാനം പോളിംഗ് നടന്നതായി കാറ്റലന്‍ അധികൃതര്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. പോള്‍ ചെയ്തവരില്‍ 90 ശതമാനവും കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് തടയാന്‍ ശ്രമിച്ചതോടെ രൂക്ഷമായ ഏറ്റുമുട്ടലാണ് ബാഴ്‌സലോണയില്‍ നടന്നത്. 900 ജനങ്ങള്‍ക്കും 33 പോലീസുകാര്‍ക്കും ഏറ്റുമുട്ടലില്‍ പരുക്കേറ്റു.
കാറ്റലോണിയയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നത് വരെ വന്‍ പോലീസ് സന്നാഹത്തെ നിയോഗിക്കാനാണ് സ്‌പെയിനിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ പൊതുതിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.