മെഴ്‌സിഡീസ്-ബെന്‍സ് വില്‍പ്പനയില്‍ 41 ശതമാനം വളര്‍ച്ച

Posted on: October 9, 2017 12:10 am | Last updated: October 8, 2017 at 10:45 pm

കൊച്ചി: 2017 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ 4698 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവിലെതിനേക്കാള്‍ 41 ശതമാനം കൂടുതലാണിത്. 2016 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ വിറ്റത് 3327 യൂണിറ്റുകളാണ്. മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വില്‍പന വളര്‍ച്ചയാണ് മൂന്നാം പാദത്തില്‍ കൈവരിച്ചതെന്ന് മാനേജിങ് ഡയറക്റ്റര്‍ റോളാണ്ട് ഫോഗര്‍ പറഞ്ഞു.

2017 ജനുവരി മുതല്‍ സെപ്തംബര്‍ വരെ 11869 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 19.6 ശതമാനം കൂടുതലാണിത്. 2014-ല്‍ 12 മാസം കൊണ്ട് വിറ്റതിനേക്കാള്‍ കൂടുതല്‍ യൂണിറ്റുകള്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളില്‍ മാത്രം വില്‍ക്കാന്‍ കഴിഞ്ഞു.
വീല്‍ബെയ്‌സ് കൂടുതലുള്ള പുതിയ ഇ-ക്ലാസ് സെഡാനാണ് വില്‍പന വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത്. ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ് വിശ്രമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഈ വര്‍ഷം മൂന്നാം പാദത്തിലെ മികച്ച വളര്‍ച്ച.

വില്‍പന വര്‍ധിപ്പിക്കാന്‍ കമ്പനി സ്വീകരിച്ച തന്ത്രങ്ങള്‍ ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞിരിക്കയാണെന്ന് റോളാണ്ട് ഫോഗര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ചേടത്തോളം തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് മെഴ്‌സിഡീസ്-ബെന്‍സിനുള്ളതെന്ന് ഫോഗര്‍ പറഞ്ഞു. ആഢംബര കാറുകളുടെ വിപണിയും വികസിച്ചു വരികയാണ്. ഗവണ്‍മെന്റിന്റെ നയങ്ങള്‍ സഹായകമാവുകയാണെങ്കില്‍ വളര്‍ച്ച നേടാനുള്ള വാഹന നിര്‍മാതാക്കളുടെ ശ്രമങ്ങള്‍ക്ക് അത് ഊര്‍ജം പകരും. സമ്പദ്ഘടനയ്ക്ക് വാഹന വ്യവസായം നല്‍കി വരുന്ന സംഭാവന കണക്കിലെടുത്ത് കൊണ്ടുള്ള നയസമീപനമാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.