അപൂര്‍വ ഇസ്‌ലാമിക കാലിഗ്രഫി സമ്പത്തുമായി ഷാര്‍ജ കാലിഗ്രാഫി ഹൗസ് ശ്രദ്ധേയമാകുന്നു

Posted on: October 8, 2017 9:46 pm | Last updated: October 9, 2017 at 6:07 pm

ഷാര്‍ജ: അപൂര്‍വമായ നിരവധി ചരിത്രസമ്പത്തിന്റെ ശേഖരവുമായി പൈതൃക സ്‌നേഹികളുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ഷാര്‍ജ കലിഗ്രാഫി ഹൗസ്. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പൈതൃകത്തോടുള്ള പ്രത്യേക താല്‍പര്യമാണ് ഇത്രയും സമ്പന്നമായ ഒരു കാലിഗ്രഫി ഹൗസ് ഷാര്‍ജയില്‍ സ്ഥാപിക്കപ്പെട്ടത്.

അറബി ഭാഷ, കര്‍മശാസ്ത്രം, ഖുര്‍ആന്‍ വ്യഖാനം (തഫ്‌സീര്‍), ഗോള ശാസ്ത്രം, മാത്തമാറ്റിക്‌സ്, മെഡിസിന്‍, ഫാര്‍മസി തുടങ്ങിയ വിവിധ വിജ്ഞാന ശാഖകളുമായി ബന്ധപ്പെട്ട 1500ലധികം കാലിഗ്രഫി ശേഖരമുണ്ട് ഇവിടെ. ഇതില്‍ പലതും അപൂര്‍വും ചിലത് അത്യപൂര്‍വവുമായതാണെന്ന് കാലിഗ്രഫിഹൗസ് അധികൃതര്‍ പറയുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടവയും ഇവിടെ പ്രത്യേകം തംരതിരിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പലതും രചയിതാക്കള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പ്രതികളാണെന്നതാണ് ശേഖരണത്തെ വ്യത്യസ്തമാക്കുന്നത്.
ഏഴുകോടി ദിര്‍ഹം ചിലവിട്ട് 3000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്ഥാപിതമായ കലിഗ്രഫി ഹൗസ് ഷാര്‍ജ അല്‍ ഖാസിമിയ്യ യുണിവേഴ്‌സിറ്റിയുടെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്.

ശൈഖ് സുല്‍ത്താന്റെ പ്രത്യേക താല്‍പര്യപ്രകാരം സ്ഥാപിതമായ കലിഗ്രഫി ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള മുഴുവന്‍ ശേഖരങ്ങളും ശൈഖ് സുല്‍ത്താന്റെ സ്വകാര്യശേഖരത്തില്‍ നിന്ന് ലഭ്യമായതാണെന്ന് അല്‍ഖാസിമിയ്യ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. റശാദ് സാലിം പറഞ്ഞു. പുരാതന ഗ്രന്ഥങ്ങളുടെ കോപ്പികളും അവയുടെ കയ്യെഴുത്തു പ്രതികളും എന്തുവിലകൊടുത്തും കൈവശപ്പെടുത്തുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കുന്ന ശൈഖ് സുല്‍ത്താന്‍, പൈതൃകങ്ങളുടെ സുല്‍ത്താന്‍ എന്നാണ് അറബ് ലോകത്ത് അറിയപ്പെടുന്നത്.
ഹിജ്‌റ 261ല്‍ മരണപ്പെട്ട ഇമാം മുസ്‌ലിമിന്റെ ‘സ്വഹീഹ്’ ഇവിടെ അപൂര്‍വമായി സൂക്ഷിക്കപ്പെടുന്ന ഒന്നാണെന്നും റാശിദ് സാലിം പറയുന്നു. ഇയ്യിടെ ശൈഖ് സുല്‍ത്താന്‍ തന്റെ ചരിത്രപരമായ കേരള സന്ദര്‍ശനത്തിനിടെ, കേരള നിയമസഭാ സ്പീക്കര്‍ തനിക്കുനല്‍കിയ പുരാതനമായ ഖുര്‍ആന്‍ പ്രതി വലിയ താല്‍പര്യത്തോടെയാണ് സ്വീകരിച്ചത്.

ഇത്തരത്തില്‍ ശൈഖ് സുല്‍ത്താന്‍ ലോക രാഷ്ട്രങ്ങളിലുള്ള സന്ദര്‍ഭങ്ങള്‍ക്കിടയില്‍ കണ്ടെത്തി ശേഖരിച്ചവയാണ് ഇതെല്ലാമെന്നും ഡോ. റശാദ് സാലിം വ്യക്തമാക്കി.