മിയ പാര്‍ക്ക് ബസാര്‍ വീണ്ടും ആരംഭിച്ചു; സന്ദര്‍ശക തിരക്കേറി

Posted on: October 8, 2017 8:54 pm | Last updated: October 8, 2017 at 8:54 pm

ദോഹ: ശൈത്യകാല സീസണിനു മുന്നോടിയായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട് (മിയ) പാര്‍ക്കിലെ ബസാര്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. വിവിധ രാജ്യങ്ങളുടെ പ്രൗഢിയും പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാനും രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് മിയ ബസാര്‍. മുന്‍ വര്‍ഷങ്ങളില്‍ ശനിയാഴ്ച മാത്രമായിരുന്നു ബസാറിന്റെ പ്രവര്‍ത്തനമെങ്കില്‍ ഇപ്രാവശ്യം എല്ലാ വാരാന്ത്യങ്ങളിലും വെള്ളി, ശനി ദിവസങ്ങളില്‍ ബസാര്‍ പ്രവര്‍ത്തിക്കും.

പൊതുഅവധിദിനമായ വെള്ളിയാഴ്ച കൂടി പ്രവര്‍ത്തനം വിപുലീകരിച്ചത് ബസാറിലെ സംരഭകര്‍ക്കും ഗുണകരമായിട്ടുണ്ട്. ജനങ്ങളുടെ മികച്ച പ്രതികരണവും വര്‍ധിച്ച തിരക്കും കണക്കിലെടുത്താണ് വാരാന്ത്യ ബസാര്‍ വെള്ളിയാഴ്ചയും തുറക്കാന്‍ തീരുമാനിച്ചത്. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്് ഈ വര്‍ഷം കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും സംരംഭകര്‍ പറയുന്നു.മിയ പാര്‍ക്ക് ബസാറിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിട്ടുണ്ട്. വ്യത്യസ്ത ഉത്പന്നങ്ങളുടെയും ഭക്ഷ്യശാലകളുടെയും നിരവധി സ്റ്റാളുകളാണ് ഇവിടെയുള്ളത്. മിതമായ നിരക്കില്‍ ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കുമെന്നതിനാല്‍ ആദ്യദിനം തന്നെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. പെര്‍ഫ്യൂം, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, സുവനീറുകള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍, വിവിധ രാജ്യങ്ങളിലെ ഭക്ഷണം എന്നിവ ബസാറില്‍ ലഭ്യമാണ്.

ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവക്ക് പുറമെ പോസ്റ്റ്കാര്‍ഡുകള്‍, ആശംസാകാര്‍ഡുകള്‍, കലാസൃഷ്ടികള്‍, പെയിന്റിംഗുകള്‍, കൈകൊണ്ട് നിര്‍മിച്ച ഗാര്‍ഹിക അലങ്കാര വസ്തുക്കള്‍, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍, കാര്‍പറ്റുകള്‍, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, ബെഡ്ഷീറ്റുകള്‍, കുട്ടികള്‍ക്കുള്ള ഷൂ, വസ്ത്രങ്ങള്‍, ബാഗുകള്‍, അബായകള്‍, പെര്‍ഫ്യൂംസ്, പട്ടങ്ങള്‍, തമീം അല്‍ മജ്ദ് ചിത്രം പതിപ്പിച്ച കാര്‍ സ്റ്റിക്കറുകള്‍, മഗുകള്‍, കീ ചെയ്‌നുകള്‍, തൊപ്പികള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ വിപണനത്തിനായി ബസാറില്‍ കൂടുതല്‍ സ്റ്റാളുകളുണ്ട്.
തത്സമയം പാകം ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍, വിവിധ രാജ്യങ്ങളുടെ ഭക്ഷ്യരുചികള്‍ എന്നിവ ആസ്വദിക്കുന്നതിനും സൗകര്യമുണ്ട്. പരമ്പരാഗത ഖത്വരി ഭക്ഷ്യരുചികള്‍ക്കു പുറമെ രാജ്യാന്തര ഭക്ഷ്യോത്പന്നങ്ങള്‍ക്കായും പ്രത്യേക വിഭാഗമുണ്ട്. ഈ സ്റ്റാളുകളില്‍ മലേഷ്യന്‍, തായി, ഫിലിപ്പിനോ, തുര്‍ക്കിഷ്, ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാണ്. മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയുമുണ്ട്.
തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി ബസാര്‍ പ്രവര്‍ത്തിക്കുന്നത് ശൈത്യകാലാവസ്ഥയില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒത്തുചേരലിനുള്ള അവസരവും സമ്മാനിക്കുന്നു. കടലിന് അഭിമുഖമായി തുറന്ന വിപണിയില്‍ പരമ്പരാഗത സൂഖ് മാതൃകയിലാണ് ബസാര്‍. 250 ഗാര്‍ഹിക വ്യവസായ സംരംഭകരാണ് ഉത്പന്നങ്ങള്‍ ബസാറിലൂടെ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.

ഗാര്‍ഹിക വ്യവസായ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ കഴിവും മികവും ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും മിയ ബ സാര്‍ അവസരം നല്‍കുന്നു. മികച്ചതും വ്യത്യസ്തവുമായ ഗാര്‍ഹികോത്പന്നങ്ങള്‍ നേരിട്ടു കണ്ട് തിരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കള്‍ക്കും അവസരം ലഭിക്കുന്നു.