ഉത്തര കൊറിയക്കെതിരെ അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നു

Posted on: October 8, 2017 11:23 am | Last updated: October 8, 2017 at 7:12 pm

വാഷിങ്ടന്‍ :അമേരിക്കയും ഉത്തരക്കൊറിയയും വീണ്ടും പരസ്പര പ്രകോപനങ്ങള്‍ തുടരുന്നു. ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടിയെടുത്തേക്കുമെന്നു പരോക്ഷ സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭരണകൂടവും പ്രസിഡന്റുമാരും 25 വര്‍ഷമായി ഉത്തരകൊറിയയോട് ചര്‍ച്ച നടത്തുന്നു. പലതവണ കരാറുകള്‍ ഒപ്പുവച്ചു. ധാരാളം പണം നല്‍കിയിട്ടുണ്ട്. അതൊന്നും ഇതുവരെ നടപ്പായിട്ടില്ല. കരാറുകള്‍ മഷിയുണങ്ങുന്നതിനു മുന്‍പ് ലംഘിക്കപ്പെട്ടു.

യുഎസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവര്‍. മാപ്പ്, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക. സൈനിക നീക്കമെന്ന സൂചന നല്‍കി ട്രംപ് പറഞ്ഞു.
ഉത്തര കൊറിയയുടെ മിസൈലുകള്‍ തടയുന്നതിനോ ആണവ പരീക്ഷണങ്ങള്‍ തടയുന്നതിനോ യുഎസ് ഇതുവരെ കര്‍ശന നടപടികളൊന്നുമെടുത്തിട്ടില്ല. എന്നാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്‍, ഉത്തര കൊറിയ, ഇസ്!ലാമിക് സ്‌റ്റേറ്റ് വിഷയങ്ങളില്‍ പ്രതികരിക്കവേ ചുഴലിക്കാറ്റിനു മുന്‍പേയുള്ള ശാന്തതയാണ് യുഎസിന്റേതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.