അണ്ടര്‍ 17 ലോകകപ്പ്; ആദ്യ കളിയില്‍ ഇന്ത്യക്ക് തോല്‍വി തുടക്കം

Posted on: October 6, 2017 8:56 pm | Last updated: October 6, 2017 at 10:56 pm

ന്യൂഡല്‍ഹി ലോകകപ്പ് വേദിയിലെ അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. കരുത്തരായ യുഎസ്എ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ ഇന്ത്യ 1-0ന് പിന്നിലായിരുന്നു. ജോഷ് സര്‍ജന്റ് (30), ക്രിസ് ഡര്‍ക്കിന്‍ (50), ആന്‍ഡ്രൂ കള്‍ട്ടന്‍ (84) എന്നിവരുടെ വകയായിരുന്നു യുഎസിന്റെ ഗോളുകള്‍. ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിയിരുന്നു.

മത്സരത്തിന്റെ 30ാം മിനിറ്റില്‍ തന്നെ യുഎസ്എ ആദ്യ ഗോള്‍ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. ജോഷ് സര്‍ജന്റാണ് പെനാല്‍ട്ടിയിലൂടെ ഇന്ത്യന്‍ ഗോള്‍ വല കുലുക്കിയത്. ജിതേന്ദ്ര സിങ് ബോക്‌സിനുള്ളില്‍ വരുത്തിയ പിഴവാണ് യുഎസിന് അനുകൂലമായ പെനല്‍റ്റിക്കു വഴിയൊരുക്കിയത്. ആദ്യപകുതിയില്‍ ഉടനീളം യുഎസാണ് മുന്നിട്ടു നിന്നത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തീര്‍ത്തും നിര്‍ജീവാവസ്ഥയിലായിരുന്നു ഇന്ത്യന്‍ മുന്നേറ്റ നിര.