ജനരക്ഷാ യാത്ര; അമിത് ഷാ പിണറായിയിലേക്കില്ല

Posted on: October 5, 2017 12:13 pm | Last updated: October 5, 2017 at 3:34 pm

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര പിണറായി മണ്ഡലത്തിലെത്തുമ്പോള്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തില്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് മമ്പുറത്ത് നിന്ന് പര്യടനം തുടരുന്ന യാത്ര പിണറായിയിലെത്തുമ്പോള്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്. അതിനാല്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.

ജനരക്ഷാ യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. ഡല്‍ഹിക്ക് മടങ്ങിയ അദ്ദേഹം ഇന്ന് പിണറായിയില്‍ യാത്ര എത്തുമ്പോള്‍ പങ്കെടുക്കാന്‍ തിരിച്ചെത്തുമെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ അറിയിച്ചത്. അത്യാവശ്യമായി ചില പരിപാടികളില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് അമിത് ഷാ യാത്രയില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമെന്ന് കുമ്മനം പറഞ്ഞു.