ഹത്ത ജല, വൈദ്യുത പദ്ധതി; സാധ്യതാ പഠനം പൂര്‍ത്തീകരിച്ചു

Posted on: October 4, 2017 8:35 pm | Last updated: October 4, 2017 at 8:35 pm

ദുബൈ: മേഖലയില്‍ തന്നെ ആദ്യത്തേതായ ഹത്ത ഡാമിനോട് ചേര്‍ന്ന് ജല വൈദ്യുത പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക, ഭൂമിശാസ്ത്രപരമായ പഠനങ്ങളാണ് അധികൃതര്‍ പൂര്‍ത്തീകരിച്ചത്.

പദ്ധതിക്ക് വേണ്ട ഭൂഗര്‍ഭജല വിതരണ ശൃഖലകളുടെ നിര്‍മാണം, ഡാമില്‍ ജല വിതാനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍, വൈദ്യുതി നിര്‍മാണത്തിനാവശ്യമായ സ്റ്റേഷന്റെ നിര്‍മാണം, പദ്ധതി നിര്‍മാണത്തിനാവശ്യമായ സാധനങ്ങളുടെ ലഭ്യത, നിര്‍മാണ ജോലികളുടെ മേല്‍നോട്ടം, പദ്ധതി പൂര്‍ത്തീകരിക്കുന്ന പക്ഷം പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനുള്ള ജോലികള്‍ എന്നിവയെ കുറിച്ചുള്ള വിശദ പഠനങ്ങള്‍ സാധ്യതാ പഠനത്തില്‍ ഉള്‍പെടുത്തിയിരുന്നു.
പ്രമുഖ ഫ്രഞ്ചു നിര്‍മാണ കമ്പനിക്ക് 5.8 കോടി ദിര്‍ഹമിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ പദ്ധതിക്കായി ദിവ നല്‍കിയിട്ടുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തന്നെ ആദ്യത്തേതായ 60 വര്‍ഷം മുതല്‍ 80 വര്‍ഷം വരെ പ്രവര്‍ത്തന ശേഷിയുള്ള പദ്ധതിക്ക് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ 250 മെഗാ വാട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കരുത്തുള്ളതായിരിക്കും.

ഹത്തയുടെ സമഗ്ര വികസനത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിവിധങ്ങളായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിന്റെ ഭാഗമെന്നോണം 192 കോടി ദിര്‍ഹമിന്റെ ജല വൈദ്യുത പദ്ധതിയുടെ നിര്‍മാണമാണ് ഉദ്ദേശിക്കുന്നതെന്ന് ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ദുബൈ കഌന്‍ എനര്‍ജി സ്ട്രാറ്റജി 2050ന്റെ ഭാഗമായാണ് ജല വൈദ്യുത പദ്ധതി പൂര്‍ത്തീകരിക്കുക.
ഹരിതോര്‍ജ മേഖലയില്‍ ദുബൈ നഗരത്തെ ലോകത്തെ പ്രധാനയിടമാക്കുന്നത് ലക്ഷ്യമിട്ടുള്ള സ്ട്രാറ്റജി, ഹരിതോര്‍ജത്തിന്റെ തോത് 2050ഓടെ 75 ശതമാക്കി ഉയര്‍ത്തുന്നതിനുള്ളതാണ്.